ബംഗളൂരു: നഗരത്തിരക്കിൽ നീങ്ങുന്ന വാഹനങ്ങളിലെ സ്റ്റിക്കറുകൾ നോക്കി സല്യൂട്ടടിക്കുന്ന ട്രാഫിക് പൊലീസുകാർ അറിയുന്നില്ല, അകത്ത് പിഴ ഈടാക്കേണ്ട കുറ്റകൃത്യം ചെയ്തവരാണുള്ളതെന്ന്. കേന്ദ്ര-കർണാടക സർക്കാർ വ്യാജ സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങളുടെ ഉപയോഗം കൂടിവരുകയാണ്. ഈ പ്രവണതക്ക് ചുവപ്പ് കാണിക്കാൻ ബംഗളൂരു ആർ.ടി.എ നടപടിയാരംഭിച്ചു. അടുത്ത മാസം മുതൽ വ്യാപക പരിശോധനയുണ്ടാവും. സ്വകാര്യ വാഹനങ്ങളിൽ പൊലീസ്, സംസ്ഥാന, കേന്ദ്ര സർക്കാർ തുടങ്ങിയ വ്യാജ സ്റ്റിക്കറുകൾ ബംഗളൂരുവിൽ ട്രെൻഡാണ്. എന്നാൽ പൊതുമേഖല കമ്പനികൾ ഒഴികെയുള്ള ചില പ്രത്യേക സംസ്ഥാന, കേന്ദ്ര സർക്കാർ വാഹനങ്ങളിൽ മാത്രമേ ഇത്തരം സ്റ്റിക്കറുകൾ പതിക്കാൻ അനുമതിയുള്ളൂ എന്ന് ആർ.ടി.എ അഡീഷനൽ കമീഷണർ (എൻഫോഴ്സ്മെന്റ്) സി. മല്ലികാർജുൻ പറഞ്ഞു.ഒറിജിനൽ ഫിറ്റിങ്ങുകൾക്കു പുറമേ ഫിറ്റിങ്ങുകളും വാഹനത്തിൽ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ സർക്കാർ വാഹനങ്ങൾ ‘ജി’ സീരീസിലാണ് രജിസ്റ്റർ ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി സ്ഥാപനങ്ങൾക്കുപോലും സർക്കാർ വാഹനങ്ങളെന്ന തരത്തിൽ സ്റ്റിക്കർ പതിക്കാൻ പാടില്ല. അതേസമയം ചില ചെറിയ അക്ഷരങ്ങളിൽ മാത്രം മാറ്റം വരുത്തി തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ‘പൊലീസ്’ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് ‘പൊലിറ്റ്’, ചിലർ ‘Polite’ സ്റ്റിക്കർ പതിക്കുന്നത് ആർ.ടി.ഒയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.