ബെംഗളൂരു: മക്കളെ കൊലപ്പെടുത്തിയ ശേഷം ഐ. ടി ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35), അനുപ്രിയ (5), പ്രിയാംശ് (2) എന്നിവരെയാണ് ബംഗളുരുവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം അനൂപും രാഖിയും തൂങ്ങി മരിക്കുകയായിരുന്നു. എട്ട് വർഷമായി ബെംഗളൂരുവിലെ ആർ.എം.വി സെക്കന്റ് സ്റ്റേജിൽ വാടകയ്ക്ക് താമസിക്കുകയാണ് ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ അനൂപും രാഖിയും. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത മകൾ അനുപ്രിയയുടെ ആരോഗ്യസ്ഥിതിയിൽ ദമ്പതികൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി അവരുടെ വീട്ടിലെ ജോലിക്കാരി പൊലീസിന് മൊഴി നൽകി.
ശനിയാഴ്ച രാത്രി വരെ സാധാരണ നിലയിലും സന്തോഷത്തോടെയുമായിരുന്നുവെന്ന് ജോലിക്കാരി പറഞ്ഞു. കുടുംബം അടുത്ത ആഴ്ച പോണ്ടിച്ചേരിക്ക് പോകുന്നതായി പറഞ്ഞിരുന്നുവെന്നും ജോലിക്കാരി പൊലീസിന് മൊഴി നൽകി. യാത്രയ്ക്കായി ബാഗുകൾ പായ്ക്ക് ചെയ്തതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ജോലിക്കാരി എത്തി വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനെത്തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളുടെ ആരോഗ്യപ്രശ്‌നത്തെ തുടർന്നുള്ള വിഷാദമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.