ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ

മഞ്ഞലയിലും ഉണരാതെ ബ്ലാസ്റ്റേഴ്സ്; നെഞ്ചു തകർന്ന് ആരാധകർ

ബംഗളൂരു: വിജയത്തിനു വേണ്ട എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്. മറ്റൊരു എവേ മത്സരത്തിലുമില്ലാത്ത അത്രയും ആരാധകർ ടീമിന് പ്രചോദനമായി ഗാലറിയിൽ. ഹോം മത്സരത്തിൽ ബംഗളൂരുവിനെ 3-2 ന് വീഴ്ത്തിയതിന്റെ മുൻതൂക്കം. മികച്ച ടീം ലൈനപ്പ്. പക്ഷേ, മഞ്ഞലയായി ആർപ്പുവിളിച്ച ആരാധകർക്ക് ആശ്വസിക്കാൻ ഒരു ഗോൾ പോലും എതിർവലയിൽ നിക്ഷേപിക്കാനാവാതെ ക്യാപ്റ്റൻ ജെസൽ കാർണെരോയും താരങ്ങളും നിരാശപ്പെടുത്തിയപ്പോൾ റഫറിയുടെ ഫൈനൽ വിസിലോടെ കണ്ഠീരവയിൽ വീണത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണ്ണീരായിരുന്നു.

എന്നിട്ടും അവർ കോച്ച് ഇവാൻ വുകുമനോവിച്ചിനും പ്രിയ താരങ്ങൾക്കും വൈക്കിങ് ക്ലാപ്പ് നൽകി. കണ്ഠീരവയിലെ കിഴക്കെ ഗാലറിയും വടക്കേ ഗാലറിയും തെക്കേ ഗാലറിയും മഞ്ഞയണിയിച്ച ആരാധകർക്ക് ഓരോ ഗാലറിയെയും അഭിമുഖീകരിച്ച് വുകുമനോവിച്ച് നന്ദിയോതി. നെഞ്ചിൽ കനംവെച്ച സങ്കടം ഉള്ളിലൊതുക്കിയ ആരാധകർ പരാജയത്തിലും ടീമിനെ കൈവിടില്ലെന്ന് മനസ്സിലുറപ്പിച്ചാണ് സ്റ്റേഡിയത്തിൽനിന്ന് മടങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം വൈകീട്ട് 7.30 നായിരുന്നെങ്കിലും മണിക്കൂറുകൾക്ക് മുമ്പേ കേരളത്തിന്റെ ആരാധകർ സ്റ്റേഡിയം പരിസരത്തെത്തിയിരുന്നു. മഞ്ഞയിൽ നീലക്കൊമ്പനെ പതിപ്പിച്ച കൊടികൾ വീശിയും ടീമിനായി പ്രചോദന പാട്ടുകൾ പാടിയും ഒറ്റക്കും കൂട്ടായും കാണികൾ സ്റ്റേഡിയത്തെ ലക്ഷ്യം വെച്ചുനീങ്ങി. പടിഞ്ഞാറെ ഗാലറിയിൽ മാത്രമായിരുന്നു കാര്യമായും ബംഗളൂരു എഫ്.സിയുടെ ആരാധകരുണ്ടായിരുന്നത്. ഏകദേശം 28,000 കാണികളാണ് ശനിയാഴ്ച മത്സരം കാണാനെത്തിയത്; ഈ സീസണിൽ കണ്ഠീരവ സ്റ്റേഡിയത്തിലെ റെക്കോഡ് അറ്റൻഡൻസ്!

മൈതാനത്തേക്ക് കേരള താരങ്ങൾ പരിശീലനത്തിനെത്തിയപ്പോഴൊക്കെ ഗാലറിയിൽ ആരാധകർ ആവേശം കൊണ്ടു. ബംഗളൂരു ക്യാപ്റ്റൻ ഇതിഹാസ താരം സുനിൽ ഛേത്രി മൈതാനത്തേക്ക് കടന്നുവന്നപ്പോഴും കേരള ആരാധകർ കൈയടികളോടെ സ്വീകരിച്ചു. ഗാലറിയിൽ മെക്സിക്കൻ അലകൾ തീർത്ത് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സിന് ആവോളം പ്രോത്സാഹനം നൽകി. കളി തുടങ്ങുമ്പോഴും മറുവശത്ത് പടിഞ്ഞാറെ ഗാലറിയിൽ ബംഗളൂരുവിന്റെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആരാധകർ പകുതിയും എത്തിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

റഫറിയുടെ കിക്കോഫ് വിസിൽ മുഴങ്ങിയതോടെ കളി മുറുകി. ആരു വേണമെങ്കിലും ഗോളടിക്കാവുന്ന നിലയിലായിരുന്നു. ബംഗളൂരു നിലയിൽ റോയ് കൃഷ്ണയും ശിവശക്തിയും യാവി ഹെർണാണ്ടസും കേരള ഗോൾമുഖത്ത് വട്ടമിട്ടപ്പോൾ അഡ്രിയാൻ ലൂണയും ദിമിത്രിയോസും രാഹുലും ബംഗളൂരു ഗോൾമുഖത്തേക്കും ഇരമ്പിയെത്തി. ആവേശം നിറച്ച് ആർത്തലച്ച ബ്ലാസ്റ്റേഴ്സ് ആരാധകർ 32ാം മിനിറ്റിൽ നിശ്ശബ്ദമായി.

ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് -ബം​ഗ​ളൂ​രു എ​ഫ്.​സി മ​ത്സ​ര​ത്തി​ന് മു​മ്പ് ഗാ​ല​റി​യി​ൽ തു​ർ​ക്കി​യ, സി​റി​യ ഭൂ​ക​മ്പ ബാ​ധി​ത​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ

മഞ്ഞപ്പടയുടെ പ്രതീക്ഷകളെ തച്ചുടച്ച് അസാധ്യമായ ആംഗിളിൽനിന്ന് കേരള വലയിൽ ഗോൾ നിക്ഷേപിച്ച ശേഷം റോയ് കൃഷ്ണ ഓടിയെത്തിയത് കേരള ആരാധകർക്ക് മുന്നിലേക്കായിരുന്നു. ‘ഇത് ഞങ്ങളുടെ മൈതാനമാണ്’എന്ന് ആംഗ്യത്തിലൂടെ മഞ്ഞപ്പടക്ക് മറുപടി. അൽപ നേരത്തേക്ക് സ്തംബ്ധരായിപ്പോയ ആരാധകർ പിന്നെയും ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗോൾ തിരിച്ചടിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ച് പലവട്ടം പന്ത് ബംഗളൂരു ഗോൾ മുഖത്ത് വട്ടം കറങ്ങി. പക്ഷേ, ഫലമുണ്ടായില്ല. കളി കഴിഞ്ഞ ശേഷം ഗാലറിയിൽ ചെറിയ കശപിശയുമുണ്ടായി.

കേരള ആരാധകർക്കു നേരെ കൂവിയാർത്തും അധിക്ഷേപിച്ചും ബംഗളൂരു ആരാധകർ നടത്തിയ പെരുമാറ്റവും ഫുട്ബാളിന്റെ മാന്യതക്ക് നിരക്കാത്തതായി. അടുത്ത സീസണിൽ വീണ്ടുമൊരങ്കത്തിന് കണ്ഠീരവയിൽ കാണാമെന്ന് മനസ്സിലോതിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ഇത്രയും ആരാധകർ ടീമിനെ പിന്തുണച്ച് എത്തിയതിലുള്ള സന്തോഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമനോവിച്ചും മറച്ചുവെച്ചില്ല. എന്നാൽ, അതിന് പ്രതിഫലമായി ആരാധകർക്കൊരു വിജയം സമ്മാനിക്കാനാവാത്തതിലെ നിരാശയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

Tags:    
News Summary - Fans are heartbroken by the loss of Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.