മംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച യുവമോർച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റിയംഗം പ്രവീൺ നെട്ടാറു (32) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുടെ സങ്കേതം പൊലീസിന് അറിയാമായിരുന്നിട്ടും ഏറ്റുമുട്ടലിൽ പിടിക്കാൻ കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ അനുമതി നൽകിയില്ലെന്ന് മുൻ എം.പി പ്രതാപ് സിംഹ. പൊലീസിന്റെ കൈയിൽ തോക്കും തിരയും ഉണ്ടായിരുന്നു, പക്ഷേ കാഞ്ചി വലിക്കാൻ സർക്കാർ സമ്മതിച്ചില്ല. ശിവമൊഗ്ഗയിൽ കൊല്ലപ്പെട്ട ഹർഷ ജിൻഗഡയുടെ കാര്യത്തിലും മുൻ സർക്കാർ നിലപാട് ഇതായിരുന്നു എന്ന് വ്യാഴാഴ്ച ദക്ഷിണ കന്നഡയിൽ വിശ്വഹിന്ദു പരിഷത്ത് പരിപാടിയിൽ പ്രതാപ് സിംഹ പറഞ്ഞു.
കർണാടകയിലെ ബി.ജെ.പി നേതാക്കൾക്ക് ഹിന്ദുത്വ ആശയങ്ങളിൽ വിശ്വാസവും ധൈര്യവും പ്രകടിപ്പിക്കാനാവുന്നില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള നേതാക്കളാണ് കർണാടകക്ക് വേണ്ടത്. സ്വന്തം കുടുംബാംഗങ്ങളുടെ അവസരങ്ങളും വളർച്ചയും ഉന്നമിട്ടാണ് ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പയുൾപ്പെടെ മുന്നോട്ടുപോവുന്നത്. മല്ലികാർജുൻ ഖാർഗെ, എച്ച്.ഡി.ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി എന്നിവരെല്ലാം അതാണ് ചെയ്യുന്നതെന്ന് പ്രതാപ് സിംഹ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിലാണ് പ്രവീൺ കൊല്ലപ്പെട്ടത്. കേസ് അന്വേഷണം ആഗസ്റ്റ് 22ന് എൻ.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. പ്രവീൺ നെട്ടാരു കേസിൽ അഞ്ച് പ്രധാന പ്രതികളെ കണ്ടെത്താൻ എൻ.ഐ.എ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കേസിൽ മൊത്തം 21 പേരാണ് പ്രതികൾ. എം.ഡി. മുസ്തഫ, മസൂദ് അഗ്നഡി, മുഹമ്മദ് ശരീഫ്, ഉമ്മർ എന്ന ഉമർ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ ഫോട്ടോകളും വിവരങ്ങളും പൊതുജന അറിവിലേക്ക് അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.