ബംഗളൂരു: കേരളത്തിൽനിന്ന് മാലിന്യവുമായെത്തിയ ആറ് ലോറികൾ ഗുണ്ടൽപേട്ടിലെ മൂലെഹോളെ ചെക്പോസ്റ്റ് സമീപം കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പിടികൂടി. ഡ്രൈവർമാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ഗുണ്ടൽപേട്ട് പൊലീസ് കേസെടുത്തു.
ലോറിയിൽ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിവീണത്. മലിനീകരണ നിയന്ത്രണബോർഡ് മേഖലാ ഓഫിസർ പി.കെ. ഉമാശങ്കർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക മലിനീകരണ നിയന്ത്രണബോർഡ് കത്തെഴുതി.
അഞ്ചു വർഷം മുമ്പ് കേരളത്തിലെ മാലിന്യം ലോറികളിൽ കൊണ്ടുവന്ന് കർണാടകയുടെ അതിർത്തിപ്രദേശങ്ങളിൽ തള്ളുന്നത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. നിരവധി ലോറികൾ അന്ന് പിടികൂടിയതോടെ നാട്ടുകാരും ജാഗ്രത പാലിക്കാൻ തുടങ്ങി.
കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടക ജില്ലകളായ മൈസൂരു, കുടക്, ചാമരാജ നഗർ, ദക്ഷിണ കന്നട എന്നിവിടങ്ങളിലെ വിജന സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതായിരുന്നു രീതി.
കാസർകോട് നഗരസഭയുടെ ഖരമാലിന്യം നിക്ഷേപിക്കുന്ന കേളുഗുഡ്ഡെ നിവാസികളുടെ പ്രതിഷേധം കാരണമുണ്ടായ പ്രതിസന്ധി മറികടക്കാൻ അതിർത്തിയിലെ കർണാടക പുത്തൂരിലെ പാതയോരങ്ങളിലാണ് ലോറിയിൽ കൊണ്ടുവന്ന് തള്ളിയിരുന്നത്. എതിർപ്പും നടപടികളും കാരണം നിലച്ച മാലിന്യം തള്ളൽ വീണ്ടും ആരംഭിച്ച സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്തിറങ്ങിയത്.
കേരളത്തിൽ ഈയിടെ പുത്തൂർ, വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇർഡെയിൽ പാതയോരങ്ങളിൽ കോഴിമാലിന്യങ്ങൾ തള്ളിയ ലോറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
മാലിന്യം തിരിച്ചെടുപ്പിച്ച് പുത്തൂർ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. അതോടെ ആ ഏർപ്പാട് നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.