ബംഗളൂരു: സ്വർണക്കടത്തു കേസിൽ നടി ഹർഷവർധിനി രന്യക്കും, വളർത്തച്ഛനും കർണാടക ഡി.ജി.പിയുമായ കെ. രാമചന്ദ്ര റാവുവിനുമെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്തകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക ഹൈകോടതി കേന്ദ്രത്തോട് നിർദേശിച്ചു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ ഡി.ആർ.ഐ കസ്റ്റഡിയിൽ കഴിയുകയാണ്.
കേസിൽ കഴിഞ്ഞദിവസം ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെ ചോദ്യം ചെയ്തിരുന്നു. ഇരുവർക്കുമെതിരെ നിയമ നടപടികൾ തുടരുന്നതിനിടെ മാധ്യമങ്ങളിൽ പലവിധ വാർത്തകൾ ചമക്കുന്നതിനെതിരെ മാർച്ച് 12ന് രന്യയുടെ മാതാവ് എം.പി രോഹിണി സിവിൽ കോടതിയെ സമീപിച്ചിരുന്നു. ഇത്തരം വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഇതു പരിഗണിച്ച കോടതി, ജൂൺ രണ്ടുവരെ മാധ്യമങ്ങളെ തടഞ്ഞ് ഉത്തരവിട്ടു.
എന്നാൽ, ഉത്തരവ് വകവെക്കാതെ ചില മാധ്യമങ്ങൾ അപകീർത്തികരമായ വാർത്തകൾ നൽകിയതോടെ സമാന ആവശ്യമുന്നയിച്ച് ഡി.ജി.പി കെ. രാമചന്ദ്ര റാവു ഹൈകോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോൾ ഹൈകോടതി കേന്ദ്രത്തിന് നിർദേശം നൽകിയത്. കേസിൽ വസ്തുതപരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് പകരം, മാധ്യമങ്ങൾ സ്വഭാവഹത്യക്കാണ് ശ്രമിക്കുന്നതെന്ന് ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹരജിയിൽ പരാതിക്കാരൻ സൂചിപ്പിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും ഹൈകോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് ഏപ്രിൽ എട്ടിന് വീണ്ടും പരിഗണിക്കും. നടൻ ദർശൻ തൂഗുദീപ പ്രതിയായ രേണുക സ്വാമി വധക്കേസിലും ഹൈകോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.