പാകിസ്താന് വിവരങ്ങൾ ചോർത്തി; ബെൽ എൻജിനീയർ അറസ്റ്റിൽ

പാകിസ്താന് വിവരങ്ങൾ ചോർത്തി; ബെൽ എൻജിനീയർ അറസ്റ്റിൽ

ബംഗളൂരു: വ്യോമയാന-പ്രതിരോധ മേഖലയിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽനിന്ന് (ബെൽ) ആശയവിനിമയ സംവിധാനങ്ങളെക്കുറിച്ചും റഡാർ സംവിധാനങ്ങളെക്കുറിച്ചും പാകിസ്താന് വിവരങ്ങൾ ചോർത്തിയതിന് എൻജിനീയർ അറസ്റ്റിൽ.

ബെൽ ബംഗളൂരു യൂനിറ്റിൽ സീനിയർ എൻജിനീയറും റിസർച്ച് ടീം അംഗവുമായ ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ദീപ് രാജ് ചന്ദ്ര (36) ആണ് അറസ്റ്റിലായതെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു. പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന പ്രതി കർണാടക ഇന്റലിജൻസിന്റെയും മിലിറ്ററി ഇന്റലിജൻസിന്റെയും നിരീക്ഷണത്തിലായിരുന്നു.

ബിറ്റ്കോയിന് പകരമായി സുപ്രധാന വിവരങ്ങൾ ഇയാൾ പാകിസ്താന് കൈമാറിയതായി ആഭ്യന്തര മന്ത്രി നിയമസഭയെ അറിയിച്ചു. റഡാർ സംവിധാനം, സുരക്ഷാ ക്രമം, ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങൾ, ഓഫിസ് ലേഔട്ട് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ദീപ് രാജ് ചന്ദ്ര കൈമാറിയത്.

ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചയാളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇ-മെയിൽ, വാട്സ്ആപ്, ടെലിഗ്രാം എന്നിവയിലൂടെ കോഡ് ഭാഷയിലാണ് ഇയാൾ വിവരങ്ങൾ കൈമാറിയതെന്ന് കണ്ടെത്തി. ഇയാൾ പ്രത്യേകം ഇ-മെയിൽ ഐ.ഡി സൃഷ്ടിക്കുകയും സന്ദേശങ്ങൾ അയച്ചുനൽകുന്നതിന് ഡ്രാഫ്റ്റ് ചെയ്ത ശേഷം ലോഗിൻ വിവരങ്ങൾ കൈമാറുകയുമായിരുന്നു രീതി. പ്രതിയുമായി മറ്റു രണ്ടുപേർകൂടി ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. 

Tags:    
News Summary - Bell engineer arrested for leaking information to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.