റിസ്വാൻ അർഷാദ് എം.എൽ.എ നിയമസഭയിൽ സംസാരിക്കുന്നു
ബംഗളൂരു: കർണാടക നിയമസഭ ബജറ്റ് ചർച്ചയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദ്. ‘‘മുസ്ലിംകൾ ഈ രാജ്യത്തെ പൗരന്മാരല്ലേ? അവർ ഈ സമൂഹത്തിന്റെ ഭാഗമല്ലേ? ഇല്ലെങ്കിൽ നമ്മൾ മൃഗങ്ങളാണെന്നും ഈ സമൂഹത്തിൽ ജീവിക്കാൻ യോഗ്യരല്ലെന്നും അവർ പ്രഖ്യാപിക്കട്ടെ’’ - പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ നടത്തിയ ‘മുസ്ലിം ബജറ്റ്’, ‘പ്രീണന ബജറ്റ്’, ‘ഹലാൽ ബജറ്റ്’ എന്നിങ്ങനെയുള്ള വിശേഷണങ്ങളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
‘‘പക്ഷേ, ഈ രാജ്യത്തും സംസ്ഥാനത്തും ഏത് മുസ്ലിംകളാണ് നികുതി അടക്കാത്തത് എന്ന് പറയൂ. നമ്മുടെ നികുതിപ്പണം ട്രഷറിയിലേക്ക് പോകുന്നില്ലേ? ആ നികുതിയിൽ നമ്മുടെ പങ്ക് ആവശ്യപ്പെടാൻ നമുക്ക് അവകാശമില്ലേ? ഈ സമൂഹത്തിൽ ജീവിക്കാൻ നമുക്ക് അവകാശമില്ലേ? 4.10 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 4100 കോടി രൂപ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. അത് മുസ്ലിംകൾക്ക് മാത്രമല്ല’’ - വർഗീയ ആരോപണങ്ങളെ നിരാകരിച്ച് റിസ്വാൻ അർഷാദ് പറഞ്ഞു.
‘‘ഞങ്ങൾ മറ്റെവിടെനിന്നും വന്നവരല്ല. ആദ്യം ഞങ്ങൾ നിങ്ങളുടെ സഹോദരന്മാരാണെന്ന് മനസ്സിലാക്കുക. ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളാണ്, ഈ മണ്ണിന്റെ മക്കളാണ്. നമ്മളിൽ പലരും ചരിത്രത്തിൽ എപ്പോഴെങ്കിലും പിന്നാക്ക വിഭാഗങ്ങളിൽനിന്നോ ദലിതുകളിൽനിന്നോ മതം മാറിയിരിക്കാം. എന്നിട്ടും, ഞങ്ങളോട് ഒരു സഹതാപവുമില്ല’’ -അദ്ദേഹം ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു.
ഈ സമയം ബി.ജെ.പി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാൽ ഇടപെട്ട് ‘‘നിങ്ങളാണ് കല്ലെറിയുന്നത്. നിങ്ങളാണ് യുദ്ധം ചെയ്യുന്നത്. നിങ്ങളാണ് ഹിന്ദുക്കളെ പാകിസ്താനിൽനിന്ന് പുറത്താക്കിയത്’’ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ ചൂടേറിയ വാഗ്വാദത്തിന് കാരണമായി. മുസ്ലിം യുവാക്കൾ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും പിടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പിന്നീട് റിസ്വാൻ അർഷാദ് പരാമർശിച്ചു. ‘‘മോദിയുടെ ദർശനത്തിന് വിരുദ്ധമായി, ബി.ജെ.പി നേതാക്കൾ സിദ്ധരാമയ്യയുടെ ബജറ്റിനെ വിമർശിച്ചു’’ -അദ്ദേഹം പറഞ്ഞു.
കർണാടക ജനസംഖ്യയുടെ 16 ശതമാനം ന്യൂനപക്ഷങ്ങളാണെന്ന് എടുത്തുകാണിച്ച അർഷാദ്, അവരുടെ ക്ഷേമത്തിനായുള്ള സർക്കാർ പിന്തുണയോടുള്ള ബി.ജെ.പിയുടെ എതിർപ്പിനെ ചോദ്യം ചെയ്തു. ഈ സമുദായങ്ങളുടെ വികസനത്തിനായി സർക്കാർ ഫണ്ട് നൽകിയാൽ എന്താണ് തെറ്റ്? ബി.ജെ.പി നേതാക്കൾ അനാവശ്യ വിമർശനങ്ങൾ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിലൂടെ ബി.ജെ.പി നേതാക്കൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്തുകൾ വിതക്കുന്നു. ഇത്തരം വാചാടോപങ്ങൾ കാരണം കർണാടകയുടെ പ്രശസ്തിക്ക് എന്ത് സംഭവിക്കും? അന്താരാഷ്ട്ര തലത്തിൽ എന്ത് സന്ദേശമാണ് ഇത് നൽകുന്നത്? നമ്മൾ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? - അദ്ദേഹം ചോദിച്ചു.
ന്യൂനപക്ഷങ്ങൾക്കുള്ള നിലവിലെ ബജറ്റ് വിഹിതം അപര്യാപ്തമാണെന്ന് വാദിച്ച അർഷാദ് സമുദായത്തിന്റെ ക്ഷേമത്തിനായി കൂടുതൽ ഫണ്ട് നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.