മംഗളൂരു: ഗൂഗ്ൾ മാപ്പിലെ പിഴവു കാരണം ഉഡുപ്പി ജില്ലയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള നിരവധി തീർഥാടകർ ചിക്കമഗളൂരു ജില്ലയിലെ വിദൂര ഗ്രാമമായ നന്ദലികെയിൽ എത്തുന്നതായി പരാതി.
നന്ദലികെയിലെ ചെറിയ ശ്രീ മൂകാംബിക ക്ഷേത്രത്തിലേക്കാണ് ഗൂഗ്ൾ നാവിഗേഷൻ നയിക്കുന്നത്. അബദ്ധം മനസ്സിലാക്കി കൊല്ലൂർ മൂകാംബികയിലേക്ക് യാത്ര തിരിച്ചുവിട്ടാൽ 103 കിലോമീറ്റർ താണ്ടണം. വിനോദസഞ്ചാരികളും ഭക്തരും നന്ദലികെയിൽ വഴിമാറി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബസമേതം യാത്ര ചെയ്യുന്നവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
ബംഗളൂരു, കേരളം, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആദ്യമായി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്നവരാണ് കുടുങ്ങുന്നവരിൽ അധികവും. ദിനംപ്രതി നിരവധി വാഹനങ്ങൾ നന്ദലികെയിൽ രാത്രി വൈകിയും എത്തുന്നത് നാട്ടുകാർക്കും പ്രശ്നമാവുന്നതായി പറയുന്നു. നന്ദലികെ ക്ഷേത്രത്തെ കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്ന ടാഗിൽനിന്ന് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.