ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെ.ഡി.എസ് എം.എൽ.എയും കർണാടക മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം മേയ് 20 വരെ നീട്ടി. നേരത്തേ വെള്ളിയാഴ്ച വരെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.
47കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലാണ് ഹൊളനരസിപുര എം.എൽ.എയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണക്കും, മകനും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണക്കുമെതിരെ ഹൊളനരസിപുര പൊലീസ് കേസെടുത്തത്.
കേസ് വിവാദമായതിനെത്തുടർന്ന് തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് രാജ്യംവിട്ട പ്രജ്വൽ ഇപ്പോഴും വിദേശത്ത് തുടരുകയാണ്. എം.എൽ.എയുടെ വസതിയിൽ െവച്ച് അച്ഛനും മകനും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണ് രേവണ്ണക്ക് ജാമ്യമനുവദിച്ചത്. രേവണ്ണയെ എസ്.ഐ.ടിയുടെ അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ വാദിച്ചത്. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് വെള്ളിയാഴ്ച വരെ കോടതി ജാമ്യമനുവദിച്ചത്.
വെള്ളിയാഴ്ച വീണ്ടും വാദം കേട്ട കോടതി വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കുകയും അതുവരെ രേവണ്ണക്ക് ജാമ്യം നീട്ടിനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.