ബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് (ദേവഗൗഡ വിഭാഗം) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഇപ്പോഴെനിക്ക് 90 വയസ്സായി. തങ്ങൾക്ക് ഏതൊക്കെ സീറ്റാണോ ലഭിക്കുന്നത്, എവിടെയൊക്കെയാണോ പ്രചാരണത്തിനിറങ്ങേണ്ടത്, അവിടെയൊക്കെ ഞാൻ പോവും. എനിക്കിപ്പോഴും ഓർമശക്തിയുണ്ട്. സംസാരിക്കാനുള്ള ശേഷിയുമുണ്ട്. അതുപയോഗിച്ച് ഞാൻ പ്രചാരണം നടത്തും- ദേവഗൗഡ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് സംസ്ഥാന പ്രസിഡന്റ് (ദേവഗൗഡ വിഭാഗം) എച്ച്.ഡി. കുമാരസ്വാമി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും കെക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് തങ്ങൾ അനുസരിക്കുമെന്നും അദ്ദേഹം നയം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനുമുമ്പ് മോദി 11 ദിവസത്തെ വ്രതമെടുക്കുന്നതിനെ പ്രശംസിച്ച ദേവഗൗഡ, ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ചടങ്ങിൽ താനും ഭാര്യയും പങ്കെടുക്കുമെന്നും പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ജെ.ഡി-എസ് ചേർന്നത് പാർട്ടിക്കുള്ളിൽ വൻ കലഹത്തിന് വഴിവെച്ചിരുന്നു. ദേവഗൗഡ, മക്കളായ എച്ച്.ഡി. കുമാരസ്വാമി, എച്ച്.ഡി. രേവണ്ണ എന്നിവരടങ്ങുന്ന സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യത്തെ എതിർത്ത് ജെ.ഡി-എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു, കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിം തുടങ്ങിയ നേതാക്കൾ ദേവഗൗഡയുമായി ഇടഞ്ഞു. ജെ.ഡി-എസ് ഇതോടെ ദേവഗൗഡ വിഭാഗമായും സി.കെ. നാണു വിഭാഗമായും രണ്ടായി മാറി. എന്നാൽ, കേരളത്തിലുള്ള ജെ.ഡി-എസ് നേതൃത്വമാകട്ടെ ഈ രണ്ടിലും പെടാതെ മൂന്നാമതൊരു വിഭാഗമായാണ് നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.