ബംഗളൂരു: കർണാടകയിൽ 1001 സ്കൂളുകളിൽ പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക ശുചിമുറികളില്ല. ഇതിൽ 943 എണ്ണം സർക്കാർ സ്കൂളുകളാണ്. 10 എയ്ഡഡ്, 48 സ്വകാര്യ സ്കൂളുകളുമാണ് മറ്റുള്ളവ.
'യുനൈറ്റഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ പ്ലസ് (UDISE+) 2021-22' റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 75,919 ഗേൾസ് സ്കൂളുകളിലെ 1,570 ശുചിമുറികൾ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 328 സ്കൂളുകളിലാകട്ടെ ഒരു ശുചിമുറി പോലുമില്ല. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് പ്രകാശനം ചെയ്തത്. കർണാടകയിൽ ആകെ 76,450 സ്കൂളുകളാണുള്ളത്. ഇവയിൽ 49,679 എണ്ണം സർക്കാർ സ്കൂളുകളാണ്. 7110 എയ്ഡഡ് സ്കൂളുകളാണ്. 19,650 സ്വകാര്യ സ്കൂളുകളാണ്. ഇവയിൽ 49,375 സർക്കാർ, 7,109 എയ്ഡഡ്, 19,672 സ്വകാര്യ സ്കൂളുകളിൽ ശുചിമുറി സൗകര്യമുണ്ട്. എന്നാൽ, ഇതിൽ 843 സ്കൂളുകളിലെ ശുചിമുറികൾ ഉപയോഗപ്രദമല്ല. 74,925 സ്കൂളുകളിൽ 2628 സ്കൂളുകളിൽ ആൺകുട്ടികൾക്ക് പ്രത്യേകമായി ശുചിമുറിയില്ല. 35,522 സ്കൂളുകളിലെ ശുചിമുറികളാകട്ടെ ഉപയോഗിക്കാൻ കഴിയാത്തതുമാണ്. അതേസമയം, 2021-22 അധ്യയനവർഷത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹാജർ നില 57.6 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 53.8 ശതമാനമായിരുന്നു.
കുട്ടികളുടെ ആരോഗ്യകാര്യവും മോശം
കർണാടകയിലെ സ്കൂൾ കുട്ടികളുടെ ആരോഗ്യകാര്യത്തിലും അധികൃതർക്ക് വീഴ്ച. കുട്ടികളുടെ ആരോഗ്യ പരിശോധന കഴിഞ്ഞ അധ്യയന വർഷത്തിൽ തീരെ നടത്താത്ത സ്കൂളുകളുമുണ്ട്. ഇത്തരത്തിലുള്ള 12,442 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.
ഐ.ടി ഹബ്ബായ ബംഗളൂരു തലസ്ഥാനമായുള്ള കർണാടകയിലെ 33,308 സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യവുമില്ല. 22,590 സ്കൂളുകളിൽ മാത്രമാണ് ഇന്റർനെറ്റ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ 714 സ്കൂളുകളിൽ വൈദ്യുതി ഇല്ല
ബംഗളൂരു: സംസ്ഥാനത്തെ പല സ്കൂളുകളിലും വൈദ്യുതിയുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 714 സ്കൂളുകളിൽ വൈദ്യുതി ഇല്ല, 220 സ്കൂളുകളിൽ ആകട്ടെ കുടിവെള്ള സൗകര്യവുമില്ല.
8153 സ്കൂളുകളിൽ കൈ കഴുകാനുള്ള സൗകര്യവുമില്ല. ഇതിൽ 6123 സർക്കാർ സ്കൂളുകളാണ്. 521 എയ്ഡഡും 1508 സ്വകാര്യ സ്കൂളുകളുമാണ്. 22,616 സ്കൂളുകളിലാകട്ടെ ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി റാമ്പ് സൗകര്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.