ബംഗളൂരു: കർണാടകയിലെ വനമേഖലകളിൽ ആനകൾ കൂടിയെന്ന് പുതിയ കണക്കുകൾ. അഞ്ചുവർഷത്തിനിടെ 346 ആനകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. 2017ൽ 6049 ആനകളുണ്ടായിരുന്നത് ഈ വർഷം 6395 ആയി. കഴിഞ്ഞ മേയിൽ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങളാണിത്. ആഗസ്റ്റ് 12ന് ലോക ആന ദിനത്തോടനുബന്ധിച്ച് വനം മന്ത്രി ഈശ്വർ ഖൻഡ്രെയാണ് കണക്കുകൾ അടങ്ങിയ പുസ്തകം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
വനമേഖലകളിലെ ആനകളുടെ കണക്കെടുപ്പിൽ 161 എണ്ണത്തെ കണ്ടെത്തിയത് വനത്തിന് പുറത്താണ്. കാപ്പിത്തോട്ടങ്ങൾ പോലുള്ള സ്വകാര്യ ഭൂമിയിലായിരുന്നു ഇവ. ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്നത് പതിവായ ആനകളാണിതെന്നാണ് കരുതുന്നത്. ഇവയുടെ ആവാസം മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമായേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇവയെ സംരക്ഷിക്കാനും പ്രയാസമാകും. 792 ആനകളെ സംരക്ഷിത വനമേഖലകളിലാണ് കണ്ടെത്തിയത്. അഞ്ചുവർഷം കൂടുമ്പോഴാണ് ആനകളുടെ കണക്കെടുപ്പ് നടത്തുന്നത്. 2017ലാണ് അവസാനം നടത്തിയത്. മേയ് 17 മുതൽ 19 വരെയായിരുന്നു ഇത്തവണത്തെ കണക്കെടുപ്പ്.
കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഇതോടൊപ്പം ആനകളുടെ കണക്കെടുപ്പ് നടന്നിരുന്നു. ഐ.ഐ.എസ്.സിയുടെ സഹകരണത്തോടെ സംസ്ഥാന വനംവകുപ്പാണ് കണക്കെടുപ്പ് നടത്തിയത്. 32 ഡിവിഷനുകളിലായി 3400 ജീവനക്കാർ കണക്കെടുപ്പിൽ പങ്കെടുത്തു. 23 ഡിവിഷനുകളിലാണ് ആനകളെ കണ്ടെത്താനായത്. ആനകൾക്ക് പ്രയാസമില്ലാതെ ജീവിക്കാൻ വഴിയൊരുക്കുന്ന രീതിയിൽ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുമെന്നും വനംമന്ത്രി പറഞ്ഞു.
ബംഗളൂരു: സംസ്ഥാനത്തെ കാടുകളില്‍ കാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത് 435 കടുവകളെ. സംസ്ഥാനത്ത് കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ 4,786 ഇടങ്ങളിലാണ് വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നത്. 66,86,450 ചിത്രങ്ങളാണ് ഈ കാമറകളെടുത്തത്. ഇവ വിശകലനം ചെയ്താണ് കടുവകളുടെ കണക്ക് തയാറാക്കിയിരിക്കുന്നത്. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതില്‍നിന്ന് വളരെ കൂടുതലാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
2018ല്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയതിനേക്കാള്‍ 35 കടുവകള്‍ കൂടിയതായാണ് കണ്ടെത്തല്‍. 404 കടുവകളാണ് 2018ല്‍ വനം വകുപ്പിന്റെ കാമറയില്‍ കുടുങ്ങിയത്. എന്നാല്‍, കാമറ ഉപയോഗിച്ച് നടത്തിയ കണക്കെടുപ്പ് കൃത്യമാണെന്ന് പറയാനാവില്ലെന്നും ദേശീയ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
വനംവകുപ്പിന്റെ കണക്കനുസരിച്ച് നാഗര്‍ഹോളെ കടുവ സങ്കേതത്തിലാണ് കൂടുതല്‍ കടുവകളുള്ളത്, 149 എണ്ണം. തൊട്ടുപിറകില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതമാണുള്ളത്. 143 കടുവകള്‍ ഇവിടെയുണ്ട്. മടിക്കേരി, ചിക്കമഗളൂരു, ബെളഗാവി, എം.എം ഹില്‍സ്, യെല്ലാപുര, കാവേരി വന്യമൃഗ സങ്കേതം കുന്ദേര്മുഖ് വന്യജീവി സങ്കേതം, കാര്‍വാര്‍, ഹലിയാല്‍ തുടങ്ങിയ പ്രദേശങ്ങളിലും രണ്ടുമുതല്‍ 11 വരെ കടുവകളാണ് കാമറയില്‍ കുടുങ്ങിയത്. കഴിഞ്ഞതവണ 11 കടുവകളെ കണ്ടെത്തിയ ഹുന്‍സൂരില്‍ ഇത്തവണ ഒന്നിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.