ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബംഗളൂരുവിലെ വീട്ടിലേക്ക് സ്ഥിരമായി എത്തുന്ന സന്ദർശകരുടെ വാഹനങ്ങൾകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സമീപത്ത് താമസിക്കുന്നവർ. സമീപത്തെ വീടുകൾക്കു മുന്നിൽ നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അയൽവാസികൾക്ക് ദുരിതമാകുന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ വാഹനം നിർത്തിച്ചുതന്നെ അയൽവാസിയായ വയോധികൻ വെള്ളിയാഴ്ച നേരിട്ട് പരാതി ഉന്നയിച്ചു.
ബംഗളൂരുവിലെ ഔദ്യോഗിക ബംഗ്ലാവിൽ സിദ്ധരാമയ്യ ഇതുവരെ താമസം തുടങ്ങിയിട്ടില്ല. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയായിരുന്നു ഇവിടെ അടുത്ത കാലംവരെ താമസിച്ചത്. അദ്ദേഹം ഈയടുത്താണ് ഇവിടെനിന്ന് താമസം മാറ്റിയത്. പ്രതിപക്ഷ നേതാവായപ്പോൾ താമസിച്ചിരുന്ന പഴയ വീട്ടിൽ തന്നെയാണ് ഇപ്പോഴും സിദ്ധരാമയ്യ താമസിക്കുന്നത്.
എന്നാൽ, ബംഗ്ലാവിൽ മുഖ്യമന്ത്രിയെ കാണാൻ സ്ഥിരമായി നിരവധി സന്ദർശകർ എത്താറുണ്ട്. ഇവർ വരുന്ന വാഹനങ്ങൾ സമീപത്തെ വീട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്ന രൂപത്തിലാണ് നിർത്തിയിടാറ്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നരോത്തം എന്നയാൾ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനം നിർത്തി അദ്ദേഹത്തോടുതന്നെ ദുരിതം പങ്കുവെച്ചത്.
സന്ദർശകരുടെ വാഹനങ്ങൾ വീടിനു മുന്നിൽ നിർത്തിയിടുന്നതിനാൽ തങ്ങളുടെ വാഹനം വീടിനു പുറത്ത് ഇറക്കാൻ പലപ്പോഴും കഴിയാറില്ലെന്നും ഏറെ നാളായി ഇത് തുടരുകയാണെന്നും നരോത്തം മുഖ്യമന്ത്രിയോട് പറഞ്ഞു. പരാതി കേട്ട സിദ്ധരാമയ്യ പ്രശ്നം പഠിക്കാനും ഉടൻ പരിഹാരം കാണാനും സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.