ബംഗളൂരു: ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനം കേവലം സംഘടനാപരമല്ലെന്നും അത് സകലമനുഷ്യരുടെയും സമഗ്രപുരോഗതിക്ക് വേണ്ടിയുള്ളതാണെന്നും കേരള അമീർ പി. മുജീബ്റഹ്മാൻ പറഞ്ഞു. ജമാഅത്തിന്റെ ഏതു പ്രവർത്തനവും രാജ്യത്തിനും സമൂഹത്തിനും സമുദായത്തിനും ഗുണകരമായതാണ്.
സങ്കുചിതമായ കാര്യങ്ങൾക്കുവേണ്ടിയല്ല അതിന്റെ നയനിലപാടുകളെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന നേതാക്കൾക്ക് കേരള- ബംഗളൂരു മേഖല നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സംഘടനകളും മതസംഘടനകളും ആഭ്യന്തരപ്രശ്നങ്ങളിൽ ഉഴലുമ്പോൾ ജമാഅത്ത് ദേശീയോദ്ഗ്രഥനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാകും. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ലോകതലത്തിലും ദേശീയതലത്തിലും വ്യവസ്ഥാപിതമായി തന്നെ ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും അത് വ്യാപകമാണ്. മുസ്ലിം എന്നത് കൊല്ലപ്പെടേണ്ടവനാണെന്ന പൊതുബോധം സൃഷ്ടിക്കാൻ ഇത്തരം കുപ്രചാരണങ്ങൾ സഹായിച്ചു. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണയകറ്റാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘അമീറിനൊപ്പം കുടുംബസമേതം’ പരിപാടിയിൽ കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് സംസാരിച്ചു. മേഖല പ്രസിഡന്റ് അബ്ദുൽറഹീം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം എൻ.എം. അബ്ദുറഹ്മാൻ, എച്ച്.എഫ്.ടി ചെയർമാൻ ഹസൻ പൊന്നൻ, മേഖല നാസിം യു.പി. സിദ്ദീഖ്, കേരള- ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, ഷാഹിന ഉമ്മർ, ജമീല മൂസ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സാമൂഹിക പദ്ധതിക്കായി കേരള- ബംഗളൂരു മേഖല രൂപവത്കരിച്ച എംപവേർഡ് ട്രസ്റ്റിന്റെ ലോഗോ പ്രകാശനവും എച്ച്.ഡബ്ല്യു.എ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും നടന്നു. ഷബീർ കൊടിയത്തൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.