ബംഗളൂരു: കർണാടകയിൽ പര്യടനം തുടരുന്ന രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിെന്റ 'ഭാരത് ജോഡോ യാത്ര'ക്ക് ലഭിക്കുന്നത് വൻ സ്വീകാര്യത. സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ അതിശക്തമായാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നത്. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പിയും കർണാടകയിൽ റാലികൾ നടത്താനൊരുങ്ങുകയാണ്.
കോൺഗ്രസ് റാലിയിൽ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച പങ്കെടുത്തതോടെ പാർട്ടി അണികളിൽ പുതു ഊർജമാണ് കൈവന്നിരിക്കുന്നതെന്ന് നേതാക്കൾ പറയുന്നു. സോണിയയെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിൽ എത്തിയിരുന്നത്.
ശാരീരിക അവശതകൾക്കിടയിലും സോണിയ ഗാന്ധി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം അൽപദൂരം നടന്നത് ആവേശപൂർവമാണ് പ്രവർത്തകർ ഏറ്റെടുത്തത്.സെപ്റ്റംബർ 30നാണ് യാത്ര ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടൽപേട്ടയിൽ എത്തിയത്. ആദ്യദിനം മുതൽ ആവേശം ചോരാതെയാണ് യാത്ര പര്യടനം തുടരുന്നത്. യാത്രക്കിടെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരോട് സംവദിക്കുന്നതിനിടെ നിരവധി യുവതീയുവാക്കളും വിദ്യാർഥികളുമാണ് സംസാരിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും മുന്നോട്ടുവരുന്നത്.
ഇതോടൊപ്പം ഭിന്നശേഷിക്കാരായ വ്യക്തികളുമായും രാഹുൽ സംവദിച്ചു. അവരും യാത്രയുടെ ഭാഗമായി.കോൺഗ്രസ് യാത്രയെ പ്രതിരോധിക്കാനെന്നവണ്ണം ഒക്ടോബർ അവസാനത്തിൽ ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്തുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. എന്നാൽ ആറ് റാലികൾ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണെന്നാണ് പാർട്ടി വിശദീകരണം. യാത്ര കർണാടകയിൽ എത്തുന്നതിനു മുമ്പുതന്നെ കോൺഗ്രസ് ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ വൻ കാമ്പയിൻ തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി കോൺഗ്രസ് തയാറാക്കിയ 'പേ സി.എം'പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ അലോസരമാണ് ഉണ്ടാക്കിയത്. ഇ വാലറ്റായ 'പേ ടി.എമ്മി'നോട് സാദൃശ്യമുള്ളതാണ് 'പേ സി.എം'എന്ന വാചകത്തോടെ ക്യു.ആര് കോഡും മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്റർ. '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു'എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റര്‍.പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40 percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയിടെ കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്.
ഇതിനെ മറികടക്കാൻ കോൺഗ്രസിനെതിരെ 'പി.എഫ്.ഐ ഭാഗ്യ'പോസ്റ്ററുകൾ ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്ത് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസുകൾ തള്ളിയെന്നാണ് ബി.ജെ.പി ഇതിലൂടെ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.