ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിഴ ചുമത്തി കർണാടക ഹൈകോടതി. കഴിഞ്ഞ ബസവരാജ് ബൊമ്മൈ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനെതുടർന്നുള്ള കേസിലാണ് നടപടി.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ നൽകിയ ഹരജി തള്ളിയ ഹൈകോടതി, കേസിലുൾപ്പെട്ട അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെ വാല, അന്ന് എം.എൽ.എമാരും ഇന്നത്തെ മന്ത്രിമാരുമായ രാമലിംഗ റെഡ്ഡി, എം.ബി. പാട്ടീൽ എന്നിവർക്ക് 10,000 രൂപ വീതം പിഴയും ചുമത്തി. മാർച്ച് ആറിന് എം.പി/എം.എൽ.എമാരുടെ കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാവാനും ഹൈകോടതി നിർദേശിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിട്ട ഗ്രാമീണ വികസന പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടതായി ആരോപണമുന്നയിച്ച് സന്തോഷ് പാട്ടീൽ എന്ന കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തെതുടർന്നായിരുന്നു ഇത്. സമരത്തിനിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈഗ്രൗണ്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജനപ്രതിനിധികളായാലും നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ഹൈകോടതി ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.