ബംഗളൂരു: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന കർണാടക കളരിപ്പയറ്റ് അസോസിയേഷന് സ്പോർട്സ് അതോറിറ്റി ഓഫ് കർണാടകയുടെ അംഗീകാരം ലഭിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടൊപ്പം നിയമപരവും ചിട്ടയോടെയും കാര്യക്ഷമവുമായ പ്രവർത്തനത്തെ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രസിഡന്റ് ശ്രീജിത്ത് കെ. സുരേന്ദ്രനാഥ്, ജനറൽ സെക്രട്ടറി രാജീവൻ സി. ജയരാജ്, ട്രഷറർ ടി.ഡി. ജോസഫ് എന്നിവർ സംസ്ഥാന ഭാരവാഹികളാണ്.
കർണാടകയിൽ പ്രവർത്തിച്ചുവരുന്ന എല്ലാ കളരിസംഘങ്ങളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി സെപ്റ്റംബർ 30ന് ബംഗളൂരുവിൽ സംസ്ഥാന മത്സരം നടത്തും. സെപ്റ്റംബർ 16ന് അഗസ്ത്യ ഗുരുകുലം കളരിപ്പയറ്റ് പരിശീലന കേന്ദ്രം സർജപുരയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ, സ്പോർട്സ് അതോറിറ്റി ഓഫ് കർണാടക എന്നിവയുടെ അംഗീകാരത്തോടുകൂടി ചുവട്, മെയ്പയറ്റ്, നെടുവടിപ്പയറ്റ്, വാളും പരിചയും, ഉറുമിയും പരിചയും, ഉറുമി വീശൽ, ചവിട്ടിപ്പൊങ്ങൽ എന്നീ ഇനങ്ങളിൽ പുരുഷ, വനിത വിഭാഗങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് കർണാടകയുടെയും നിരീക്ഷകരുടെ സാന്നിധ്യത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്ന എല്ലാ കളരിസംഘങ്ങളും സെപ്റ്റംബർ 23ന് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണെന്ന് ജനറൽ സെക്രട്ടറി രാജീവൻ സി. ജയരാജ് അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികളായിരിക്കും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന നാഷനൽ മത്സരത്തിൽ കർണാടകയെ പ്രതിനിധാനം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.