ബംഗളൂരു: കർണാടകയിൽ എസ്.എസ്.എൽ.സി, രണ്ടാം വർഷ പി.യു പരീക്ഷകൾ ഘട്ടംഘട്ടമാക്കാൻ തീരുമാനം. ഒറ്റത്തവണ ഫൈനൽ പരീക്ഷ നടത്തിയിരുന്നതിനു പകരം മൂന്നു ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഈ അക്കാദമിക വർഷത്തിൽത്തന്നെ (2023-24) ഇത് നടപ്പാക്കും. എസ്.എസ്.എൽ.സി, പി.യു ഫൈനൽ പരീക്ഷകളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദം കുറക്കുകയും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിങ് പറഞ്ഞു. എസ്.എസ്.എൽ.സി, പി.യു പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. പി.യു വിദ്യാർഥികൾക്കായി രണ്ടാം സപ്ലിമെന്ററി പരീക്ഷ ഈ വർഷം മുതൽ പരീക്ഷ ബോർഡ് നടപ്പാക്കിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താൻ 1,21,171 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്.
എസ്.എസ്.എൽ.സി പരീക്ഷ ഒന്നാം ഘട്ടം മാർച്ച് 30 മുതൽ ഏപ്രിൽ 15 വരെയും രണ്ടാം ഘട്ടം ജൂൺ 12 മുതൽ ജൂൺ 19 വരെയും മൂന്നാം ഘട്ടം ജൂലൈ 29 മുതൽ ആഗസ്റ്റ് അഞ്ചു വരെയും നടത്താനാണ് ആലോചന.
പന്ത്രണ്ടാം ക്ലാസ് ഒന്നാം ഘട്ട പരീക്ഷ മാർച്ച് ഒന്നുമുതൽ മാർച്ച് 25 വരെയും രണ്ടാം ഘട്ടം മേയ് 15 മുതൽ ജൂൺ അഞ്ചു വരെയും മൂന്നാം ഘട്ടം ജൂലൈ 12 മുതൽ ജൂലൈ 30 വരെയും നടക്കുന്ന രീതിയിലാണ് താൽക്കാലിക ഷെഡ്യൂൾ തയാറാക്കിയിരിക്കുന്നത്.
നിലവിൽ എസ്.എസ്.എൽ.സി, പി.യു രണ്ടാം വർഷ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും ഒറ്റത്തവണ മാത്രമാണുള്ളത്. നിലവിലുള്ള രീതിയിൽ, ഒരു വിദ്യാർഥി രണ്ടാം വർഷ പി.യു പരീക്ഷയെഴുതുകയും ഏതെങ്കിലും വിഷയത്തിൽ തൃപ്തികരമല്ലാത്ത മാർക്ക് ലഭിക്കുകയും ചെയ്താൽ സപ്ലിമെന്ററി പരീക്ഷയെഴുതാം.
ആദ്യം ലഭിച്ച മാർക്ക് പിന്നീട് പരിഗണിക്കില്ല. സപ്ലിമെന്ററി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ആദ്യ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനെക്കാൾ കൂടിയാലും കുറഞ്ഞാലും സപ്ലിമെന്ററി മാർക്ക് മാത്രമേ പരിഗണിക്കൂ. എന്നാൽ, പുതിയ പരിഷ്കരണത്തിൽ ആദ്യ മാർക്ക് നിലനിർത്തിക്കൊണ്ടുതന്നെ രണ്ടാം ഘട്ടത്തിലെയും മൂന്നാം ഘട്ടത്തിലെയും പരീക്ഷകൾ എഴുതാം. ഏറ്റവും മികച്ച മാർക്ക് ഫൈനൽ മാർക്കായി പരിഗണിക്കും. ഇത് വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടുത്താനും മികച്ച ഉപരിപഠനാവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കും.
ഉള്ളടക്കത്തിലെ സമാനതയും പരീക്ഷയുടെ കാഠിന്യവും ഒരുപോലെ നിലനിർത്തുകയും ചെയ്താണ് മൂന്നുഘട്ട പരീക്ഷകളും നടപ്പാക്കുകയെന്ന് ചൊവ്വാഴ്ച അധ്യാപക ദിനത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. മൂന്നു തവണ പരീക്ഷയെഴുതിയാലും മികച്ച മാർക്ക് തിരഞ്ഞെടുക്കാൻ വിദ്യാർഥിക്ക് അവസരം ലഭിക്കും.
ഈ വിദ്യാർഥികൾ അടുത്ത അക്കാദമിക ഉപരിപഠനത്തിന് ചേരുമ്പോൾ ആദ്യ മാസങ്ങളിൽ ക്ലാസ് നഷ്ടമായാൽ അവർക്കായി ബ്രിഡ്ജ് കോഴ്സ് ഒരുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പത്താം ക്ലാസ് മൂന്നാം ഘട്ട പരീക്ഷ ആഗസ്റ്റിലും 12ാം ക്ലാസ് മൂന്നാം ഘട്ട പരീക്ഷ ജൂലൈയിലും നടക്കുന്നതിനാൽ ഈ പരീക്ഷയിൽ ഹാജരാകുന്ന വിദ്യാർഥികൾ തുടർന്നുള്ള അക്കാദമിക വർഷത്തിൽ പി.യു ഒന്നാം വർഷത്തിനും ഡിഗ്രിക്കും ചേരുമ്പോൾ തുടക്കത്തിലെ ക്ലാസുകൾ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് ബ്രിഡ്ജ് കോഴ്സുകൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.