ബംഗളൂരു: ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ഇഫ്താർ സംഗമം സമാപിച്ചു. റമദാൻ വിശുദ്ധിയുടെ മാസമാണെന്നും തിന്മകൾ സമൂഹത്തിലും കുടുംബത്തിലും വ്യക്തിയിലും ബാധിക്കുന്നതിനെ ചെറുത്തു റമദാനിന്റെ ചൈതന്യം എങ്ങനെ നിലനിർത്താമെന്ന് പ്രമുഖ ഫാമിലി കൗൺസിലർ ഹാരിസ് ഇബ്നു സലീം ഉദ്ബോധിപ്പിച്ചു.
വ്രതം കൊണ്ട് ലഭിക്കുന്ന പുണ്യങ്ങൾ വരും വർഷത്തേക്ക് കൂടി ഊർജം പകരണമെന്ന് ഫിറോസ് സ്വലാഹി തന്റെ സംസാരത്തിൽ സദസ്സിനെ ബോധ്യപ്പെടുത്തി. എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് നമ്മുടെ മുന്നിൽ ജ്വലിച്ചു നിൽക്കുന്ന വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസത്തിൽ ഖുർആൻ പഠിക്കണമെന്ന് ബി.ടി.എം സലഫി മസ്ജിദ് ഖത്തീബ് ബിലാൽ കൊല്ലം പറഞ്ഞു.
ഈ ലോകത്തെ ജീവിതം ശാശ്വതമല്ലെന്നും മരണവും കടന്ന് പരലോകത്തേക്കു എത്തുമ്പോൾ വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ പരിശ്രമിക്കണമെന്നും നന്മകൾ ചെയ്യുന്നവരാണ് യഥാർഥ വിശ്വാസികളെന്നും ശിവാജി നഗർ സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി ഓർമപ്പെടുത്തി. ബാംഗ്ലൂർ ഇസ്ലാഹി സെൻറർ പിന്നിട്ട വഴികൾ സദസ്സിനെ ബോധ്യപ്പെടുത്തിയ മുൻ ഖത്തീബ് അബ്ദുൽ അഹദ് സലഫിയുടെ സംസാരത്തോടെ സംഗമത്തിന് സമാപനമായി.
ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ, ഇസ്ലാഹി സെൻറർ പ്രസിഡന്റ് ബഷീർ കെ.വി, സെക്രട്ടറി മഹ്മൂദ് സി.ടി, കൺവീനർ ഫിർദൗസ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾക്കുള്ള ‘റയ്യാൻ സർഗവിരുന്ന്’ കുട്ടികളിൽ കൗതുകവും ആവേശവും ജനിപ്പിച്ചു. അംജദ് മദനി, മുബാറക് അൽഹി കമീ അമീർ ഒറ്റപ്പാലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.