ബംഗളൂരു: അനധികൃത കാലിക്കടത്ത് ആരോപിച്ച് മുസ്ലിം കാലിക്കച്ചവടക്കാരനെ ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ പിടിയിലായ ഗുണ്ടാതലവൻ ബംഗളൂരുവിലെ പുനീത് കുമാർ എന്ന പുനീത് കീരെഹള്ളി (32), ശിവ്മൊഗ്ഗയിലെ പവൻകുമാർ (23), യാദ്ഗിറിലെ പിലങ്കപ്പ (20), രാമനഗരയിലെ ഗോപി (23), റായ്ചൂരിലെ സുരേഷ് (21) എന്നിവർക്കാണ് മേയ് 16ന് ഹൈകോടതിയുടെ അവധിക്കാല സിഗിംൾ ബെഞ്ച് ജാമ്യം നൽകിയത്. എന്നാൽ, ഇതിന്റെ ഉത്തരവ് ജൂൺ ആറിനാണ് പൊതുജനസമക്ഷം എത്തുന്നത്.
രാമനഗര ജില്ലയിൽ ഏപ്രിൽ ഒന്നിനാണ് മാണ്ഡ്യ സ്വദേശി ഇദ്രീസ് പാഷയെ (40) കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ മാരക പരിക്ക് മൃതദേഹത്തിൽ ഇല്ലായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. രാമനഗര ജില്ലയിൽ കഴിഞ്ഞ മാർച്ച് 31, ഏപ്രിൽ ഒന്ന് ദിവസങ്ങളിലായാണ് കേസിനാധാരമായ സംഭവം നടന്നത്.
തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്ര രക്ഷന പദെയുടെ (ദേശരക്ഷാസേന) നേതാവാണ് പുനീത് കീരെഹള്ളി. സംസ്ഥാനത്ത് ഗോവധനിരോധനനിയമം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള ഇതുമായി ബന്ധപ്പെട്ട ആദ്യ കൊലയായിരുന്നു ഇദ്രീസ് പാഷയുടേത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പാഷയുടെ ശരീരത്തിൽ നാല് പോറൽ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മരണകാരണം സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്നും ജഡ്ജി ഉത്തരവിൽ പറയുന്നുണ്ട്. പ്രഥമദൃഷ്ട്യാ പാഷയുടെ മരണത്തിന് ഉത്തരവാദി കീരെഹള്ളിയാണെന്നതിന് മതിയായ തെളിവുകൾ ഇല്ലെന്നും ജാമ്യ ഉത്തരവിൽപറയുന്നു.
മാർച്ച് 31ന് രാത്രി 11.40ഓടെയാണ് അനധികൃത കാലിക്കടത്തെന്ന് ആരോപിച്ച് പുനീത് കീരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഗോരക്ഷാഗുണ്ടകൾ ഇദ്രീസ് പാഷയുടെയും സഹപ്രവർത്തകരുടെയും ലോറി തടഞ്ഞ് മർദിച്ചത്. കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇവരെ ഇദ്രീസ് കാണിച്ചുവെങ്കിലും കീരെഹള്ളി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് ആക്രോശിച്ച് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ പാഷയുടെ മൃതദേഹം പിറ്റേദിവസമാണ് റോഡരികിൽ കണ്ടത്.
കേസിലെ മുഖ്യ പ്രതി പുനീത് കീരെഹള്ളിയെയേയും നാല് കൂട്ടാളികളെയും രാജസ്ഥാനിൽനിന്നാണ് പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തത്.
കീരെഹള്ളിക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സൗത്ബംഗളൂരു ബി.ജെ.പി എം.പി തേജസ്വി സൂര്യ, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയവരോടൊപ്പം നിൽക്കുന്ന നിരവധി ഫോട്ടോകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.