മംഗളൂരു: നേത്രാവതി, ഫൽഗുനി നദികളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവിസിന് കർണാടക മാരിടൈം ബോർഡ് പദ്ധതി. കൊച്ചി വാട്ടർ മെട്രോയുടെ ചുവടുപിടിച്ചാണ് തുറമുഖ നഗരത്തിൽ ജലയാന പദ്ധതി നടപ്പാക്കുന്നത്. ഇരുനദികളെ ബന്ധിപ്പിച്ച് ബജൽമുതൽ മറവൂർവരെയാണ് മെട്രോ സർവിസ്. പ്രഥമ ഘട്ടത്തിൽ 17 സ്റ്റേഷനുകളിലായി 30 കിലോമീറ്റർ ദൂരം പൂർത്തീകരിക്കും. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോളാർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിക്കും.
മാരിടൈം ബോർഡ് രണ്ടുവർഷം മുമ്പ് നേത്രാവതി, ഫൽഗുനി നദികളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിരുന്നു. ചരക്ക് നീക്കത്തിനും യാത്രക്കാർക്കും ഒരേസമയം പ്രയോജനപ്പെടും വിധം ആവിഷ്കരിച്ച ബാർജ് പദ്ധതി ഫയലിൽനിന്ന് ഇതുവരെ വെള്ളത്തിൽ ഇറങ്ങിയില്ല. ഇതേത്തുടർന്ന് 2024-25 ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വാട്ടർ മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. മെട്രോ സ്റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലം, നെറ്റ്വർക്ക് സാധ്യത എന്നിവയെല്ലാം പഠനവിധേയമാക്കും. പഴയ മംഗലാപുരം തുറമുഖത്തെ തിരക്ക് കുറക്കുന്നതിന് റോറോ സര്‍വിസ് (റോൾ-ഓൺ/റോൾ-ഓഫ്) നടത്തുന്നതിനുള്ള സാധ്യത പഠനവും നടത്തും. കഴിഞ്ഞവർഷം ഇന്ത്യയിൽ ആദ്യമായി കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തിരുന്നു. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളും 38 ജെട്ടികളുമാണ് കൊച്ചിയിലുള്ളത്. സുഖകരവും സുരക്ഷിതവുമായ യാത്രാമാർഗമെന്ന നിലയിൽ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമാണ്.
മംഗളൂരു വാട്ടർ മെട്രോ പദ്ധതി നടപ്പിലായാൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന നിരീക്ഷണമുണ്ട്. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് നഗരം കറങ്ങാമെന്നതിനാൽ വിനോദസഞ്ചാര മേഖലയിലും നേട്ടം പ്രതീക്ഷിക്കുന്നു. ബജൽ, സോമേശ്വര ക്ഷേത്രം, ജെപ്പിനമൊഗറു, ബോളാർ ബീച്ച് വ്യൂ, ഉള്ളാൾ (കൊടേപുര), ഹൊയിഗെ ബസാർ, ബെംഗ്രെ, ബന്ദർ (പഴയ തുറമുഖം), ബോലൂർ-ബൊക്കപട്ടണ, തണ്ണീർ ഭവി, സുൽത്താൻ ബത്തേരി, പുതിയ മംഗളൂരു തുറമുഖം, ബംഗ്ര കുളൂർ, കുളൂർ പാലം, ബൈക്കാംപാടി ഇൻഡസ്ട്രിയൽ ഏരിയ, കുഞ്ഞത്ത് ബെയിൽ, മറവൂർ പാലം എന്നിവയാണ് വാട്ടർ മെട്രോ ആദ്യഘട്ട സ്റ്റേഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.