ബംഗളൂരു: വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി കർഷകർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകുകയും ഭൂമി പരിവർത്തന രേഖകൾ മാറ്റുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വടിയെടുത്ത് കർണാടക റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാർ കഠാരിയ. ഇത്തരം ഏർപ്പാടുകൾ ഉടൻ നിർത്തിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഡെപ്യൂട്ടി കമീഷണർമാർക്കും മേഖല കമീഷണർമാർക്കും നോട്ടീസ് നൽകി.
മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില ഉദ്യോഗസ്ഥർ ബി.ജെ.പിയെ സഹായിക്കാനുള്ള ഹിഡൻ അജണ്ടയോടെ കർഷകരെ പ്രകോപിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച് വാക്കാൽ പ്രത്യേക നിർദേശം നൽകിയിരുന്നു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കർഷകർക്ക് നേരത്തേ നൽകിയ നോട്ടീസുകൾ പിൻവലിച്ചതായും ഈ ഭൂമികളിൽ കൃഷിയിറക്കുന്ന കർഷകർക്കെതിരെ നടപടിയെടുക്കരുതെന്നും പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസിൽ പറഞ്ഞു.
ഈ മാസം ഏഴിന് കർഷകർക്കും ഭൂവുടമകൾക്കും നൽകിയ കത്തും പിൻവലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച് ഏതാനും ഉദ്യോഗസ്ഥർ കത്ത് നൽകിയതോടെയാണ് ബി.ജെ.പി അജണ്ടയെക്കുറിച്ച് സൂചന ലഭിച്ചത്.
ഈ ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കഠാരിയ പറഞ്ഞു. വടക്കൻ കർണാടകയിലെ വിജയപുരയിലുൾപ്പെടെ കർഷകർ പരമ്പരാഗതമായി കൈവശം വെച്ച ഭൂമി വഖഫ് ഭൂമിയാണെന്നുപറഞ്ഞ് ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കർഷക സംഘടനകളും ബി.ജെ.പിയും സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.