മംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ഷിറൂർ അങ്കോളയിലെ ദേശീയ പാത 66ൽ ചൊവ്വാഴ്ച മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുപേർ മരിച്ചു. രണ്ടുപേർ മണ്ണിനൊപ്പം ഒഴുകിപ്പോയി. അപകടത്തിൽപെട്ട അഞ്ചുപേർ പാതയോരം താമസിക്കുന്ന ഒരേ കുടുംബാംഗങ്ങളാണ്. മരിച്ചവരിൽ സി. ജഗന്നാഥ് (55), കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ലക്ഷ്മണയുടെയും ശാന്തിയുടെയും മക്കളായ റോഷൻ (11), അവന്തിക (ആറ്) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൊത്തം ഒമ്പതുപേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് പരിസര വാസികൾ പൊലീസിനോട് പറഞ്ഞത്. ലക്ഷ്മണ നായ്കയും ശാന്തി നായ്കയും ചേർന്ന് ഹോട്ടലായും താമസത്തിനും ഉപയോഗിക്കുന്ന കെട്ടിടമാണ് മണ്ണിനടിയിലായത്. ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായി കുന്ന് ഇടിച്ചിരുന്നു. തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഈ ഭാഗത്തെ മണ്ണ് ഇടിഞ്ഞ് കുത്തിയൊലിച്ച് റോഡരികിലെ ചായക്കടയിലും മറ്റു കടകളിലും പതിക്കുകയായിരുന്നു. കുംത -അങ്കോള റൂട്ടിൽ ഷിറൂർ ബൊമ്മയ്യ ക്ഷേത്രത്തിനടുത്താണ് ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.