ബംഗളൂരു: ജാതിമത രാഷ്ട്രീയങ്ങൾക്കതീതമായി മതിലുകളില്ലാതെ മലയാള ഭാഷ പഠിപ്പിക്കുകയും സ്നേഹമസൃണമായ ജീവിതം പടുത്തുയർത്താനുള്ള അറിവുകൾ പകർന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് മലയാളം മിഷന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റും 2022ലെ ‘ഭാഷാമയൂരം’ പുരസ്കാര ജേതാവുമായ കെ. ദാമോദരൻ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് സിറ്റി ഫേസ് ഒന്നിലെ അഞ്ചു പുതിയ പഠനകേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസിമലയാളികളുടെ പുതുതലമുറകളിലേക്ക് കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈമാറ്റം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മൾ ഓരോരുത്തരും നിർവഹിക്കേണ്ടതെന്നും അതിനായി മലയാളം മിഷന്റെ പഠനകേന്ദ്രങ്ങൾ സദാ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയോടൗൺ നിവാസികളുടെ കൂട്ടായ്മയായ നന്മയുടെ കീഴിലുള്ള പഠനകേന്ദ്രം, ആറാട്ട് ഫിറെൻസയിലെ പൂത്തുമ്പി പഠനകേന്ദ്രം, നീലാദ്രി റോഡിലെ ശ്രീറാം സിഗ്നിയ, അജ്മേര സ്റ്റോൺ പാർക്ക് എന്നീ അപ്പാർട്മെന്റുകൾ ചേർന്ന് നടത്തുന്ന ആൽമരം പഠനകേന്ദ്രം, പ്രസ്റ്റീജ് സൺറൈസ് പാർക്ക് പഠനകേന്ദ്രം, കോൺകോർഡ് മാൻഹാട്ടൻ പഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനമാണ് സ്മോൺഡോവില്ലേ ക്ലബ് ഹൗസിൽ നടന്നത്. നൂറോളം വിദ്യാർഥികളും രക്ഷിതാക്കളും ഇരുപതോളം അധ്യാപകരും പങ്കെടുത്തു. കർണാടക മലയാളം മിഷൻ സെക്രട്ടറി ഹിത വേണുഗോപാലൻ മിഷൻ പ്രവർത്തനരീതികൾ വിശദീകരിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ്, വിവിധ മേഖല കോഓഡിനേറ്റർമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദാമോദരൻ മാഷുടെ നേതൃത്വത്തിൽ മാതൃക ക്ലാസ് നടന്നു. കർണാടക ചാപ്റ്റർ അക്കാദമിക് കോഓഡിനേറ്ററും 2022ലെ ‘ബോധി’ അധ്യാപക അവാർഡ് ജേതാവുമായ മീരാനാരായണനും മാതൃക ക്ലാസിൽ അധ്യാപികയായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.