ബംഗളൂരു: കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മനസ്സാന്നിധ്യം ഓടുന്ന ബസിന്റെ ജനാല വഴി ചാടിയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു. മൈസൂരുവിൽ ജോലി ചെയ്യുന്ന കേരള ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ആർ.റജികുമാറാണ് മലപ്പുറം വഴിക്കടവ് സ്വദേശിക്ക് രക്ഷകനായത്. ഒപ്പം ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും അവസരോചിത ഇടപെടലും താങ്ങായി. ചൊവ്വാഴ്ച ബംഗളൂരുവിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെ.എസ് 066 ബസിൽ സീറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്ത യുവാവ് മാനസിക വിഭ്രാന്തി കാട്ടുകയും രാത്രി വനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനാലവഴി പുറത്തേക്ക് ചാടുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന റജികുമാർ തൽക്ഷണം യുവാവിന്റെ കാലിൽ കടന്നുപിടിച്ചു. കാൽ ഒഴികെ മുഴുവൻ ശരീരഭാഗങ്ങളും ബസിന് വെളിയിലായ അവസ്ഥയിലായിരുന്നു. ബഹളം കേട്ട ഡ്രൈവർ സെബാസ്റ്റ്യൻ തോമസ് ഉടൻ ബസ് നിർത്തി. കണ്ടക്ടർ ബിപിനോടൊപ്പം മറ്റു യാത്രക്കാരും പുറത്തിറങ്ങി റെജി കുമാറിന്റെ പിടിത്തത്തിൽ തലകീഴായി തൂങ്ങിക്കിടന്ന യുവാവിനെ എടുത്ത് ബസിൽ കയറ്റി. കണ്ടക്ടർ യാത്രക്കാരന്റെ വീട്ടിൽ വിവരം അറിയിച്ചതനുസരിച്ച് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയ പിതാവിന്റെ കൈയിൽ യുവാവിനെ ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.