ബംഗളൂരു: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ അവസാന തന്ത്രങ്ങൾ പുറത്തെടുത്ത് പാർട്ടികൾ. ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി.എസ്, എ.എ.പി പാർട്ടികൾ ഞായറാഴ്ച ബംഗളൂരു നഗരത്തിലാണ് പ്രചാരണം നടത്തിയത്. മോദിയുടെ റോഡ് ഷോ രണ്ടാംദിനവും നഗരത്തെ ഇളക്കിമറിച്ചു.
നഗരവോട്ടർമാരിൽ ബി.ജെ.പിക്ക് നല്ല സ്വാധീനമുണ്ടെങ്കിലും ഭരണവിരുദ്ധവികാരവുമുണ്ട്. സർക്കാറിനെതിരായ ഉയർന്ന അഴിമതി ആരോപണങ്ങളും ഇതിനു കാരണമാണ്. ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ഉയർത്തിയ പേ സി.എം കാമ്പയിൻ പോലുള്ള നവീനപ്രചാരണ പരിപാടികളും നഗരവോട്ടർമാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ മറികടക്കുക കൂടിയാണ് ബി.ജെ.പി മോദിയുടെ റോഡ് ഷോയിലൂടെ ലക്ഷ്യമിട്ടത്.
ഞായറാഴ്ച രാവിലെ പത്തുമുതൽ ഉച്ചക്ക് 1.30 വരെ നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും നീറ്റ് പരീക്ഷ നടക്കുന്നതിനാൽ പരിപാടി ആകെ ഒന്നരമണിക്കൂറായി ചുരുക്കുകയായിരുന്നു. ന്യൂ തിപ്പസാന്ദ്ര കെംപെ ഗൗഡ ജങ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ 11.30ഓടെ എം.ജി റോഡ് ട്രിനിറ്റി സർക്കിളിൽ സമാപിച്ചു. തുടർന്ന് മൈസൂരുവിലേക്ക് പോയ മോദി വൈകുന്നേരം നഞ്ചൻകോടിലെ ബി.ജെ.പി റാലിയിൽ പങ്കെടുത്തു.
ശ്രീകണ്ഠേശ്വര ക്ഷേത്രദർശനം നടത്തിയതിന് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. കോൺഗ്രസ് ഭയക്കുന്നുണ്ടെന്നും അതിനാലാണ് മുതിർന്ന നേതാക്കളെ റാലിയിൽ പങ്കെടുപ്പിക്കുന്നതെന്നും സോണിയ ഗാന്ധിയുടെ പേര് പരാമർശിക്കാതെ മോദി നേരത്തേ ശിവമൊഗ്ഗയിൽ നടത്തിയ പരിപാടിയിൽ കുറ്റപ്പെടുത്തി.
ദിവസങ്ങളായി പ്രചാരണം നടത്തുന്ന മോദി മണിപ്പൂർ സംഘർഷത്തെ പറ്റി ഒരു വാക്കുപോലും പറഞ്ഞില്ലെന്നും രാജധർമത്തെ പറ്റി മോദി ഓർക്കണമെന്നും കോൺഗ്രസ് കുറ്റെപ്പടുത്തി. കോൺഗ്രസ് ഞായറാഴ്ച പുലികേശി നഗറിൽ നടത്തിയ പരിപാടിയിൽ രാഹുൽ പങ്കെടുത്തു. പാർട്ടി വിമത ഭീഷണി നേരിടുന്ന മണ്ഡലമാണിത്.
ന്യൂനപക്ഷ വോട്ടുകൾ ഏറെ നിർണായകമായ ശിവാജി നഗറിൽ രാത്രി നടന്ന പരിപാടിയിലും രാഹുൽ പങ്കെടുത്തത് പ്രവർത്തകർക്ക് ആവേശമായി. മഹാദേവപുരയിൽ നടത്തിയ റാലിയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ജെ.ഡി.എസും വിവിധ പരിപാടികൾ നഗരത്തിൽ നടത്തി. സ്വാധീനമുള്ള മണ്ഡലങ്ങളിൽ പാർട്ടി പ്രചാരണം ശക്തമായിരുന്നു. എ.എ.പിയും വാഹനപ്രചാരണ ജാഥകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.