ബംഗളൂരു: നഗരത്തിലെ 10 പ്രധാന തടാകങ്ങളുടെ 90 ഏക്കർ തണ്ണീർത്തടം കൈയേറിയതായി പഠനം. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻക്യുബേഷൻ ഇന്നവേഷൻ റിസർച് ആൻഡ് കൺസൽറ്റൻസി നടത്തിയ ഉപഗ്രഹ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ബെലന്ദൂർ, ബേഗൂർ, ഹുളിമാവ്, അഗര, സാരക്കി, ഹൊസക്കെരെഹള്ളി, അരീക്കെരെ, ഗൊട്ടിഗെരെ, ഉത്തരഹള്ളി, പുട്ടെനഹള്ളി തടാകങ്ങളാണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി കൈയേറിയത്. നഗരത്തിൽ ഏറ്റവും ജനവാസം കൂടിയ മേഖലകളിൽ സ്ഥിതി ചെയ്യുന്നവയാണ് ഈ 10 തടാകങ്ങളും.
മലിനീകരണം, ഭൂഗർഭജല ലഭ്യതയിലെ കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവക്ക് തടാകത്തിലെ കൈയേറ്റങ്ങൾ കാരണമാകും. തടാകങ്ങളെ സംരക്ഷിക്കാൻ സന്നദ്ധ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും മുന്നോട്ടുവരണമെന്നും പഠനത്തിൽ പറയുന്നു. നഗരത്തിലെ 42 തടാകങ്ങൾ പൂർണമായും നശിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം നഗരത്തിലെ ആറ് തടാകങ്ങളിൽ മാത്രമാണ് ശുദ്ധജലമുള്ളതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും കണ്ടെത്തി. റോഡ് നവീകരണത്തിന്റെ ഭാഗമായി തടാകങ്ങളിൽ മണ്ണിട്ടു നികത്തിയതായും ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.
അനധികൃത കൈയേറ്റങ്ങളിൽ ബലന്ദൂർ തടാകമാണ് കൂടുതൽ ശോഷിച്ചത്. തടാകത്തിന്റെ 40 ഏക്കറോളം ഭൂമി നഷ്ടപ്പെട്ടു. 15 ഏക്കർ നഷ്ടപ്പെട്ട ജെ.പി നഗറിലെ സാരക്കി തടാകമാണ് രണ്ടാമത്. അഗര (8.9 ഏക്കർ), ഹുളിമാവ് (5.9), ഹൊസക്കെരെഹള്ളി (4.7) തടാകങ്ങളും വ്യാപക കൈയേറ്റത്തിന് വിധേയമായി.
അതേസമയം, ബലന്ദൂർ തടാകം 2024 ഡിസംബറിനകം മാലിന്യമുക്തമാക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. തടാകസംരക്ഷണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ബി.ബി.എം.പി, ജലവിതരണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മന്ത്രി നടപടികൾ ഊർജിതമാക്കാൻ നിർദേശം നൽകി. കഴിഞ്ഞ തവണ മഴയിൽ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. തടാകങ്ങളിലെ കൈയേറ്റമാണ് ഇതിന് പ്രധാന കാരണമായി അധികൃതർ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.