മംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മൈസൂറു ടി.കെ.ലേഔട്ടിലെ വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാവിലെ എട്ടോടെ നടത്തിയ കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനുൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.ഹൂട്ടഗള്ളിയിലെ ശിവമൂർത്തിയാണ്(48) അറസ്റ്റിലായത്.
സംഭവം സംബന്ധിച്ച് സരസ്വതിപുരം പൊലീസ് നൽകുന്ന വിവരം ഇതാണ്: ചൊവ്വാഴ്ച രാവിലെ 7.45നും എട്ടിനുമിടയിൽ ബൈക്കിലെത്തി റോഡിൽ നിറുത്തി കൈയിൽ കരുതിയ കരിങ്കൽ കഷണം കൊണ്ട് മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ എറിഞ്ഞു. ജനൽ ചില്ലുകൾ തകർന്നു. ശബ്ദം കേട്ട് അക്രമിയെ പിടിക്കാൻ കുതിച്ച സുരക്ഷക്ക് നിയോഗിച്ച പൊലീസിനു നേരെയും കല്ലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സരസ്വതിപുരം സബ് ഇൻസ്പെക്ടർ മഹേന്ദ്ര, ഹെഡ് കോൺസ്റ്റബിൾമാരായ ബസവരാജ് അർസ്,മോഹൻ കുമാർ, കോൺസ്റ്റബിൾ സുധീബ് ബെഗൻ എന്നിവർക്ക് നേരെ ഹൂട്ടഗള്ളിയിൽ മറഞ്ഞു നിന്ന് നടത്തിയ കല്ലേറിൽ കോൺസ്റ്റബിൾ സുധീപിന് പരുക്കേറ്റു. പിന്നീട് അക്രമിയെ അറസ്റ്റ് ചെയ്ത് ബൈക്ക് പിടിച്ചെടുത്തു.
കാർഷിക കടങ്ങൾ എന്നപോലെ ഗതാഗത നിയമങ്ങൾ തെറ്റിച്ചതിനുള്ള പിഴകൾ ഒഴിവാക്കണമെന്ന ആവശ്യം അറിയിക്കാൻ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ശനിയാഴ്ച വൈകുന്നേരം നാലു മണിവരെ കാത്തുനിന്നിട്ടും സിദ്ധാരാമയ്യ അകത്തുണ്ടായിട്ടും മുഖം തന്നിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലിൽ അക്രമി പറഞ്ഞത്. മഹാരാജാസ് കോളജ് മൈതാനത്ത് പരിപാടിയുടെ ഉച്ച ഭക്ഷണ സമയത്ത് മുഖ്യമന്ത്രിയെ കാണാൻ നടത്തിയ ശ്രമം ലക്ഷ്യം കണ്ടിരുന്നില്ല. ഇങ്ങിനെയെരാൾ ഇവിടെ ഉണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് കല്ലേറെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.