ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ വിദ്യാഭ്യാസ വായ്പക്ക് ജാമ്യംനിന്നത് ഇടപാടുകാരന് ഇരുട്ടടിയായി. പ്രതിഷേധം അറിയിക്കാൻ ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി.
സുള്ള്യ താലൂക്കിലെ സാമ്പാജെയിൽ കല്ലുഗുണ്ടി ദേശസാല്‍കൃത ബാങ്കിലാണ് യുവാവ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 2016ല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ വായ്പക്ക് ജാമ്യംനിന്ന കെ.പി. ജോണി എന്നയാള്‍ക്കാണ് ബാങ്കില്‍നിന്ന് പുതിയ വായ്പ ലഭിക്കാതായത്. വിദ്യാർഥി വിദ്യാഭ്യാസം പൂർത്തിയാക്കുകയും കുടുംബം പിന്നീട് വായ്പ തിരിച്ചടക്കുകയും ചെയ്തു. കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണ തീർപ്പാക്കല്‍ വഴിയാണ് വായ്പ തിരിച്ചടച്ചത്.
ഇതോടെ വായ്പക്ക് ജാമ്യംനിന്ന ജോണിയുടെ സിബില്‍ സ്കോർ ഇടിഞ്ഞു. എന്നാല്‍, ഇക്കാര്യമൊന്നും ഇദ്ദേഹം അറിഞ്ഞില്ല. വായ്പക്ക് ശ്രമിച്ചപ്പോഴാണ് സിബില്‍ സ്കോർ ഇടിഞ്ഞതായി ബാങ്ക് ജീവനക്കാർ അറിയിച്ചത്. ബാങ്കില്‍നിന്ന് വിശദീകരണം തേടാനുള്ള ഇയാളുടെ ശ്രമങ്ങള്‍ക്ക് ഒരു മാസത്തിലേറെയായി ഉത്തരം ലഭിച്ചില്ല.
സിബില്‍ സ്കോർ മാർക്ക് ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് അവർ തന്നെ അറിയിക്കാതിരുന്നതെന്ന് ജോണി ബാങ്ക് ജീവനക്കാരോട് ചോദിച്ചു. പ്രതികരണം ലഭിക്കാതായതോടെ ജോണി ശനിയാഴ്ച ബാങ്ക് വളപ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി അധികൃതർ ഉടൻ തന്നെ കല്ലുഗുണ്ടി പൊലീസില്‍ പരാതി നല്കി. പൊലീസെത്തിയാണ് ഇയാളെ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.