ബംഗളൂരു: സാങ്കേതികതകരാർ നേരിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവിസ് തടസ്സപ്പെട്ടു. രാജാജി മെട്രോ സ്റ്റേഷനും മഹാകവി കുവെമ്പു റോഡ് സ്റ്റേഷനുമിടയിൽ പുലർച്ചെ 2.30ഓടെ ട്രയൽ റൺ നടത്തുകയായിരുന്ന എമർജൻസി റിക്കവറി റോഡ്-റെയിൽ വെഹിക്കിളിന്റെ പിൻചക്രത്തിന് തകരാർ സംഭവിച്ചതാണ് കാരണം.
മറ്റൊരു റിക്കവറി വാഹനം കൊണ്ടുവന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ രാജാജി നഗർ, മഹാകവി കുവെമ്പു റോഡ് മെട്രോ സ്റ്റേഷനുകൾ ഒഴിവാക്കി പകരം നാഗസാന്ദ്ര മുതൽ യശ്വന്ത്പുർ വരെയും മന്ത്രി സ്ക്വയർ സംപിഗെ റോഡ് മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയും സർവിസ് തുടർന്നു. അപകടസ്ഥലത്ത് ഒരു ലൈനിലൂടെ മാത്രമാണ് മെട്രോ സർവിസ് നടത്തിയത്. പ്രവൃത്തിദിവസമായതിനാൽ ഗ്രീൻ ലൈനിലെ ഭാഗിക സർവിസ് യാത്രക്കാരെ വലച്ചു. യശ്വന്ത്പുർ, സംപിഗെ റോഡ് സ്റ്റേഷനുകളിൽ പതിവിലേറെ തിരക്കനുഭവപ്പെട്ടു.
10 മണിക്കൂറിന് ശേഷം ഉച്ച 3.40ഓടെ ഗ്രീൻ ലൈനിൽ പൂർണതോതിൽ സർവിസ് പുനരാരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് റോഡ്-റെയിൽ വെഹിക്കിൾ ട്രാക്കിൽനിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. റോഡിലും റെയിൽ ട്രാക്കിലും ഓടിക്കാവുന്ന എമർജൻസി റിക്കവറി വാഹനമാണ് റോഡ് റെയിൽ വെഹിക്കിൾ (ആർ.ആർ.വി). മെട്രോ ട്രെയിനുകളിലും ട്രാക്കുകളിലും അടിയന്തര സേവനമെത്തിക്കേണ്ട സാഹചര്യത്തിൽ ആർ.ആർ.വിയുടെ സേവനം ഉപയോഗപ്പെടുത്തും. മൂന്നാഴ്ച മുമ്പാണ് ബി.എം.ആർ.സി.എൽ ഈ വാഹനം വാങ്ങിയത്. മെട്രോ ട്രെയിനുകൾ സർവിസ് നടത്താത്ത പുലർച്ച ആർ.ആർ.വി പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാരുടെ പ്രയാസം ലഘൂകരിക്കാൻ യശ്വന്ത്പുർ മെട്രോ സ്റ്റേഷനിൽനിന്ന് കെംപഗൗഡ ബസ് സ്റ്റാൻഡിലേക്ക് (മെജസ്റ്റിക്) പ്രത്യേക ബസ് സർവിസുകൾ നടത്തി. നമ്മ മെട്രോയുടെ കെങ്കേരി മുതൽ ബൈയപ്പനഹള്ളി വരെയുള്ള പർപ്പിൾ ലൈനിൽ പതിവുപോലെ ട്രെയിനുകൾ സർവിസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.