ചാമരാജനഗറിൽ ബന്ദ് അനുകൂലികൾ പ്ലക്കാർഡുകൾ പിടിച്ച് തക്കാളി റോഡിൽ എറിഞ്ഞ് പ്രതിഷേധിക്കുന്നു
ബംഗളൂരു: ബെളഗാവിയിലും മഹാരാഷ്ട്രയിലും മറാത്തി സംസാരിക്കാത്തതിന് കർണാടക ആർ.ടി.സി ഡ്രൈവർമാർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ആഹ്വാനം ചെയ്ത 12 മണിക്കൂർ കർണാടക ബന്ദിന് സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണം.
ജില്ല ആസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കന്നട പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് കന്നട പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നട ഭാഷയുടെയും സംസ്ഥാനത്തിന്റെയും താൽപര്യങ്ങൾക്കായി 20 ഓളം ആവശ്യങ്ങൾ പ്രതിഷേധക്കാർ സർക്കാറിന് മുന്നിൽ സമർപ്പിച്ചു.
ബംഗളൂരു ടൗൺഹാൾ പരിസരത്ത് പൊലീസ് ഏർപ്പെടുത്തിയ ഉപരോധം
ബംഗളൂരുവിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ അധികൃതർ നഗരത്തിലെ പ്രധാന ജങ്ഷനായ ടൗൺ ഹാളിൽ കന്നട പ്രവർത്തകർക്ക് പ്രതിഷേധ പ്രകടനം നടത്താൻ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാരെക്കാൾ കൂടുതൽ പൊലീസ് സന്നാഹം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിന്യസിച്ചു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ആർ.ടി.സി ബസുകളിൽ ഫ്രീഡം പാർക്കിലേക്ക് കൊണ്ടുപോയി.
15 ആർ.ടി.സി ബസുകൾ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ടൗൺ ഹാളിൽനിന്ന് ഫ്രീഡം പാർക്കിലേക്കുള്ള പ്രതിഷേധ മാർച്ചിനും അനുമതി നിഷേധിച്ചു. മറാത്തി സംസാരിക്കാത്തതിന് കർണാടക ആർ.ടി.സി ജീവനക്കാർക്കുനേരെ ആക്രമണമുണ്ടായ ബെളഗാവിയിൽ ബന്ദ് പൂർണമായിരുന്നു.മഹാരാഷ്ട്രയിൽനിന്നുള്ള ബസുകൾ കർണാടകയിലേക്ക് പ്രവേശിച്ചില്ല.
ബന്ദനുകൂലികൾ ബംഗളൂരുവിൽ നടത്തിയ ഹ്രസ്വദൂര റാലി
അതിർത്തി പ്രദേശത്തെ മറാത്തി സംസാരിക്കുന്ന വലിയ ജനവിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാണ്ഡ്യ, ചിക്കമംഗളൂരു, ബാഗൽകോട്ട്, ഹുബ്ബള്ളി-ധാർവാഡ്, ചാമരാജനഗർ, ബീദർ തുടങ്ങിയ ജില്ലകളിലും ബന്ദ് പൂർണമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഭാഗികവും സമ്മിശ്രവുമായ പ്രതികരണമായിരുന്നു.
സംസ്ഥാന വ്യാപകമായി നടത്തിയ ബന്ദ് വിജയിച്ചതായി കന്നട അനുകൂല സംഘടനകളുടെയും മറ്റ് സംഘടനകളുടെയും കൂട്ടായ്മയായ കന്നട ഒക്കൂട്ട (ഫെഡറേഷൻ ഓഫ് കന്നട ഓർഗനൈസേഷൻസ്) ചെയർമാൻ വാട്ടാൽ നാഗരാജ് അവകാശപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് സംസ്ഥാനത്തുടനീളമുള്ള എല്ലാ പ്രവർത്തകരെയും സംഘടനകളെയും താൻ അഭിനന്ദിക്കുന്നു.
എല്ലാ ജില്ലകളിലും ബന്ദ് പൂർണമായിരുന്നു. ആവശ്യങ്ങൾ സർക്കാറിനും ജനങ്ങൾക്കും രാഷ്ട്രത്തിനും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ബന്ദ് തടസ്സപ്പെടുത്താൻ ബംഗളൂരു പൊലീസ് ധിക്കാരപൂർവം പ്രവർത്തിച്ചു. വെള്ളിയാഴ്ച രാത്രി മാത്രം 3,000 ത്തോളം കന്നട പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അവർ വിവേചനരഹിതമായി നോട്ടീസുകളും നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. ബന്ദ് വിജയിക്കാതിരിക്കാൻ ബംഗളൂരു പൊലീസ് കമീഷണർ സ്വയം ചുമതല ഏറ്റെടുത്തതായി തോന്നുന്നു.
മുൻ കമീഷണർ ഭാസ്കർ റാവു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. നിലവിലെ കമീഷണർക്കും സമാനമായ പദ്ധതികളുണ്ടെങ്കിൽ അദ്ദേഹം അത് പിന്തുടരാൻ സ്വാഗതം-അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ ജനസംഖ്യയുടെ ഒരു ശതമാനം പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഫ്രീഡം പാർക്കിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് പൊലീസ് നിർബന്ധം പിടിക്കുന്നു.
പൊലീസ് കമീഷണർ മാന്യമായി പെരുമാറണമായിരുന്നു. ബന്ദ് അടിച്ചമർത്താനുള്ള ശ്രമങ്ങളെ താൻ ശക്തമായി എതിർക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചാമരാജനഗറിൽ ചില കന്നട അനുകൂല പ്രവർത്തകർ പ്ലക്കാർഡുകൾ പിടിച്ച് തക്കാളി റോഡിൽ എറിഞ്ഞ് പ്രതിഷേധിച്ചു. ഹാസൻ ജില്ലയിൽ സ്ഥിതി ശാന്തമായിരുന്നു. മൈസൂരുവിൽ കന്നട അനുകൂല പ്രവർത്തകർ സബർബൻ ബസ് സ്റ്റാൻഡിന് സമീപം ബസുകൾ തടയാൻ ശ്രമിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പൊലീസ് അവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. ഹോട്ടൽ ഉടമകൾ ബന്ദിന് ധാർമിക പിന്തുണ അറിയിക്കുകയും പതിവുപോലെ അവരുടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ ബന്ദ് ഏശിയില്ല. വാഹനങ്ങൾ പതിവുപോലെ സർവിസ് നടത്തി. വിപണികളും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.