ബംഗളൂരു: ബംഗളൂരുവിൽ ഏറ്റവും കൂടുതൽ ഗതാഗത നിയമലംഘനം നടക്കുന്നത് തെക്കൻ ബംഗളൂരുവിലെ ഹൊരമാവിൽ. ബംഗളൂരു ട്രാഫിക് പൊലീസിന്റെ കഴിഞ്ഞ മൂന്നു മാസത്തെ കണക്കിലാണ് ഇക്കാര്യമുള്ളത്. ജനങ്ങൾ ഗതാഗത നിയമം പാലിക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തുന്നതായും പൊലീസ് പറയുന്നു. ഇക്കാലയളവിൽ ഹൊരമാവിൽ 8,293 ഗതാഗത നിയമലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുപിന്നിൽ പോട്ടറി ജങ്ഷനാണുള്ളത്.
4,957 നിയമലംഘനങ്ങളാണ് ഇവിടെ. ബൊമ്മനഹള്ളിയാണ് പിന്നീടുള്ളത്, ഇവിടെ 2,393 നിയമലംഘനങ്ങളാണുള്ളത്. ജാലഹള്ളി ക്രോസിൽ 1,610 നിയമലംഘനങ്ങൾ, യശ്വന്ത്പുർ ബസാർ റോഡിൽ 662, റസ്സൽ മാർക്കറ്റിൽ 615 എന്നിങ്ങനെയാണ് നഗരത്തിലെ പ്രധാന പത്ത് ജങ്ഷനുകളിലെ ഗതാഗത നിയമലംഘനങ്ങൾ.
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റും പരിസര പ്രദേശങ്ങളുമാണ് ഗതാഗത കുരുക്കിൽ ബംഗളൂരുവിൽ മുന്നിൽനിൽക്കുന്നത് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പൊലീസിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. താമസകേന്ദ്രങ്ങളിലും പരിസരത്തുമാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടാകുന്നത്.
ഗതാഗത നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണം ജനങ്ങൾക്കിടയിൽ നടക്കണം. എല്ലായിടത്തും കാമറകൾ ഉണ്ടെന്നും തങ്ങൾ സദാനിരീക്ഷിക്കപ്പെടുന്നുണ്ടെന്നുമുള്ള കാര്യത്തിൽ ജനങ്ങൾ ബോധവാന്മാരല്ല. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതലുള്ള നിയമലംഘനം. പിറകിൽ യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ധരിക്കാത്തതാണ് കൂടുതലുള്ള നിയമലംഘനമെന്ന് ബംഗളൂരു സ്പെഷൽ കമീഷണർ (ട്രാഫിക്) ഡോ. എം.എ. സലീം പറയുന്നു.
തെറ്റായ വാഹനപാർക്കിങ്, വൺവേ റോഡുകളിൽ എതിർദിശകളിൽ വാഹനം ഓടിക്കൽ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കൽ, മറയുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ തുടങ്ങിയവയാണ് മറ്റു ലംഘനങ്ങൾ. ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.