ബംഗളൂരു: മേയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മുസ്ലിം കാലിക്കച്ചവടക്കാരനെ ഗോരക്ഷഗുണ്ടകൾ കൊന്നത് മുസ്ലിം വിരുദ്ധത കൂടുതൽ പ്രചരിപ്പിക്കാനുള്ള ആയുധമായി ഹിന്ദുത്വർ ഉപയോഗിക്കുമെന്ന് വിലയിരുത്തൽ.
മാണ്ഡ്യ ജില്ലയിൽ നിന്നുള്ള ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സെയ്ദ് സഹീർ, ഇർഫാൻ എന്നിവർക്കെതിരെ ഗോവധനിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, കന്നുകാലി കടത്ത് നിയമം, വാഹനഗതാഗത നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. തീവ്ര സംഘടനയായ രാഷ്ട്ര രക്ഷന പദെ (ദേശരക്ഷാസേന)യുടെ ഹിന്ദുത്വനേതാവായ പുനീത് കീരെഹള്ളിയാണ് സംഭവത്തിലെ മുഖ്യപ്രതി.
ഇയാൾക്ക് പ്രധാന ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കാലികളെ കൊണ്ടുപോകാനുള്ള രേഖകൾ കാണിച്ചിട്ടും രണ്ടുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമിച്ചതെന്ന് പാഷയുടെ ഒപ്പമുണ്ടായിരുന്ന സഹീർ പറഞ്ഞു.
നിങ്ങൾ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് ഇവരെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് പാഷയുടെ ഫോട്ടോ കാണിച്ച് ഇയാളെ അറിയുമോ എന്ന് പൊലീസ് സഹീറിനോട് ചോദിച്ചത്. അപ്പോഴാണ് പാഷ കൊല്ലെപ്പട്ടതായി സഹീറും അറിയുന്നത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ പാഷ രക്ഷപ്പെട്ടിരിക്കാമെന്നാണ് താൻ കരുതിയതെന്ന് സഹീർ പറയുന്നു.
ഇവർ പതിവായി ആഴ്ച അവസാനം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കാലികളെ വിൽക്കാനായി കൊണ്ടുപോകാറുണ്ട്. പാഷയും സഹീറുമാണ് സ്ഥിരമായി വാഹനം ഓടിച്ചിരുന്നത്. ഇർഫാൻ കാലികളെ കയറ്റാനും ഇറക്കാനും സഹായിക്കുന്നയാളാണ്. കാലികൾ മറ്റൊരാളുടേതായിരുന്നുവെന്നും വാഹനത്തിന്റെ ഉടമക്ക് എല്ലാ രേഖകളും ഉണ്ടായിരുന്നുവെന്നും സഹീർ പറയുന്നു. ഗോരക്ഷഗുണ്ടകൾ തങ്ങളെ ക്രൂരമായി മർദിക്കുമെന്നും പിന്നീടാണ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയെന്നും ഇതിനാലാണ് സ്ഥലത്തുനിന്ന് പാഷയും ഇർഫാനും ഓടിയതെന്നും സഹീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.