ബംഗളൂരു: നബാർഡ് ഫണ്ട് വെട്ടിക്കുറച്ചതിനെത്തുടർന്ന് കർണാടകയിൽ കാർഷിക വായ്പ വിതരണത്തിൽ വൻ കുറവ്. 1.73 ലക്ഷം കർഷകർ യോഗ്യത മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിച്ചതിൽ 13,689 പേർക്ക് മാത്രമാണ് പലിശയില്ലാതെ കാർഷിക വായ്പകൾ വിതരണം ചെയ്തത്. നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) നിന്നുള്ള ഫണ്ടിലെ കുറവുമൂലമാണ് വായ്പ വിതരണം പരിമിതമായതെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ ബി.ജെ.പി എം.എൽ.സി പ്രതാപ് സിംഹ നായകിന്റെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം 5,800 കോടി രൂപ കാർഷിക വായ്പകൾ വിതരണം ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു. എന്നാൽ, നബാർഡ് കാർഷിക മേഖലക്കുള്ള സബ്സിഡി വായ്പ 58 ശതമാനം വെട്ടിക്കുറച്ചതോടെ എല്ലാ കർഷകർക്കും വായ്പ നൽകാൻ കഴിഞ്ഞില്ല. സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുക്കുകയും കർഷകർ തങ്ങളുടെ സമ്പാദ്യം വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സഹകരണ സംഘങ്ങൾക്ക് നോട്ടുകൾ അച്ചടിക്കാൻ കഴിയില്ലെന്ന് കർഷകർ മനസ്സിലാക്കണം. സഹകരണ സംഘങ്ങൾക്ക് മറ്റു വിഭവങ്ങളൊന്നുമില്ല. ഫണ്ടുകളുടെ കുറവ് കാരണം, മുഴുവൻ വായ്പയും നൽകാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.