ഒമ്പതു മാസത്തിനിടെ മെട്രോ സർവിസ് മുടങ്ങിയത് എട്ടുതവണ

ബം​ഗളൂരു: ട്രെയിനിനു മുന്നിൽ ചാടിയുള്ള ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളുമടക്കം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മെട്രോ സർവിസ് തടസ്സപ്പെട്ടത് ഏട്ടുതവണ. തുടർച്ചായ തടസ്സപ്പെടൽ മെട്രോ അധികൃതർക്ക് മാത്രമല്ല, യാത്രക്കാർക്കും തലവേദനയാവുകയാണ്. മെട്രോ ട്രെയിനിനു മുന്നിൽ ചാടിയുള്ള ആത്മഹത്യാശ്രമങ്ങൾ സമീപകാലത്തായി വർധിച്ചതിൽ നമ്മ മെട്രോ അധികൃതർ ആശങ്കയിലാണ്. 13 വർഷം മുമ്പ് സർവിസ് ആരംഭിച്ചിട്ടും ഇപ്പോഴും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ സ്വീകരിക്കാൻ അധികൃതർക്കായിട്ടില്ല.

ഡൽഹി, ചെന്നൈ മെട്രോകളിലെല്ലാം ഈ സംവിധാനമുണ്ട്. 2024 ജനുവരി ഒന്നിന് ഇന്ദിരന​ഗർ മെട്രോ സ്റ്റേഷനിൽ വീണ ഫോണെടുക്കാനായി യുവതി മെട്രോ ട്രാക്കിലേക്കിറങ്ങിയതാണ് ആദ്യത്തെ സംഭവം. ജനുവരി അഞ്ചിന് ജാലഹള്ളി മെട്രോ സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതും തൊട്ടടുത്ത ദിവസം ജെ.പി ന​ഗർ സ്റ്റേഷനിൽ പൂച്ച ട്രാക്കിലിറങ്ങിയതും മെട്രോ സർവിസ് തടസപ്പെട്ടതിന് കാരണമായി. മാർച്ച് 12ന് ജ്ഞാനഭാരതി സ്റ്റേഷനും പത്തി​ഗരെ സ്റ്റേഷനുമിടയിലെ അജ്ഞാത വ്യക്തി ട്രാക്കിലിറങ്ങിയതും മാർച്ച് 21ന് അത്തി​ഗുപ്പെ സ്റ്റേഷനിൽ ബം​ഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി നിയമവിദ്യാർഥി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതുമാണ് മാർച്ചിലെ സംഭവങ്ങൾ.

ജൂൺ 10ന് ഹൊസെകെരെഹള്ളി സ്റ്റേഷനിൽ ട്രാക്കിലേക്ക് ചാടിയ യുവാവിനെ സുരക്ഷ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 10ന് വിവേക് ന​ഗർ സ്വദേശിയായ യുവാവ് കൗതുകത്തിന് എമർജൻസി ബട്ടൺ അമർത്തിയതിനെത്തുടർന്ന് എം.ജി റോഡിൽ പത്ത് മിനിറ്റോളം മെട്രോ സർവിസ് തടസപ്പെട്ടിരുന്നു. സെപ്തംബർ 17ന് ജ്ഞാനഭാരതി സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സുരക്ഷ ജീവനക്കാർ രക്ഷപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. മെട്രോക്ക് മുമ്പിൽ ചാടിയുള്ള തുടർച്ചയായ ആത്മഹത്യാ ശ്രമങ്ങളെ തുടർന്ന് ബി.എം.ആർ.സി.എൽ മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു മെട്രോ ഓപറേറ്റേഴ്സിന് മാർ​ഗനിർദേശങ്ങൾ നൽകിയിരുന്നു. 

Tags:    
News Summary - Namma metro service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.