ചാ​മ​രാ​ജ്​​പേ​ട്ട്​  

ചാമരാജ്പേട്ടിലെ വികസനപ്രവൃത്തികൾക്ക് അനുമതിയില്ല, രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപം

ബംഗളൂരു: ചാമരാജ്പേട്ട് നിയോജകമണ്ഡലത്തിലെ മൂന്നു വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അർബൻ ഡെവലപ്മെന്‍റ് വകുപ്പ് (യു.ഡി.ഡി) തള്ളി. 72.51 കോടി രൂപയുടെ പദ്ധതികളാണിവ.സാധാരണ ഗതിയിൽ അമൃത് നഗരോത്ഥാന പ്രോഗ്രാം വഴിയുള്ള സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്ന പദ്ധതികൾക്കുള്ള യു.ഡി.ഡിയുടെ അനുമതിയും മുഖ്യമന്ത്രിയുടെ അനുമതിയും ബി.ബി.എം.പിക്ക് ലഭിക്കേണ്ടതാണ്.

കോൺഗ്രസ് ഭരിക്കുന്ന മണ്ഡലമാണ് ചാമരാജ്പേട്ട്. രാഷ്ട്രീയപ്രേരിതമായാണ് ചാമരാജ്പേട്ട് മണ്ഡലത്തിലെ പ്രവൃത്തികൾക്കുള്ള അനുമതി നിഷേധിച്ചതെന്ന് മണ്ഡലം എം.എൽ.എ സമീർ അഹ്മദ് ഖാൻ ആരോപിച്ചു.മൂന്നുപ്രവൃത്തികളുടെയും ഭരണ, ടെൻഡർ അംഗീകാരത്തിനായി നാലു പ്രത്യേക ഫയലുകൾ ബി.ബി.എം.പി യു.ഡി.ഡിക്ക് സമർപ്പിച്ചിരുന്നു.

എന്നാൽ, രണ്ടുമാസത്തിനുശേഷം ടെൻഡർ ചട്ടങ്ങൾ പാലിച്ചില്ല എന്ന കാരണം പറഞ്ഞ് യു.ഡി.ഡി ആവശ്യം നിരസിക്കുകയായിരുന്നു. ബംഗളൂരുവിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വികസനപ്രവൃത്തികൾ നടത്തുന്നതിനായുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പദ്ധതിയിൽപെട്ട പ്രവൃത്തികളാണ് ഈ മൂന്നെണ്ണവും. എല്ലാ മണ്ഡലങ്ങൾക്കുമായി 6,000 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

റോഡ് നന്നാക്കൽ, അഴുക്കുചാലുകളുടെ നവീകരണം, നടപ്പാതകളുടെ പ്രവൃത്തികൾ എന്നിവയാണ് ഇതിൽ കൂടുതലായും നടക്കുക. ചാമരാജ്പേട്ടിലെ മൂന്നു പ്രവൃത്തികൾക്കും ഉള്ള കുറഞ്ഞ ബിഡുകൾക്കുള്ള ‘വർക്ക് ഡൺ സർട്ടിഫിക്കറ്റുകൾ’ നൽകിയിട്ടില്ല എന്ന കാരണമാണ് ഇവ തള്ളുന്നതിന് കാരണമായി യു.ഡി.ഡി ബി.ബി.എം.പിക്ക് നൽകിയ കത്തിൽ പറയുന്നത്.4.40 കോടിയുടെ മറ്റൊരു പദ്ധതിയിൽ റോഡ്-അഴുക്കുചാൽ പ്രവൃത്തിയുടെ ഫണ്ട് കെട്ടിട നിർമാണത്തിനായി വകമാറ്റിയെന്നും ഇതിനാൽ അനുമതി നൽകാനാവില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - No permission for development work in Chamarajpet, alleged to be politically motivated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.