മംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച ഏക എ.ഐ.സി.സി യോഗം അനുസ്മരിച്ച് ബെളഗാവിയിൽ ചേരുന്ന നിയമസഭ സംയുക്ത സമ്മേളനത്തിലേക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമക്ക് ക്ഷണം.
1924ൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ബൽഗാമിൽ (നിലവിൽ ബെളഗാവി) ചേർന്ന മുപ്പത്തി ഒമ്പതാമത് എ.ഐ.സി.സി യോഗം ചരിത്രത്തിൽ ഇടം നേടിയിരുന്നു. ചൊവ്വാഴ്ച ബെളഗാവിയിൽ സംഘാടകസമിതി രൂപവത്കരിച്ച് തീയതി ഒഴികെ മറ്റു കാര്യങ്ങൾ തീരുമാനിക്കും.
ഒബാമക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ എഴുതിയ കത്തിന് മറുപടി ലഭിച്ച ശേഷമാവും ശതാബ്ദി സ്മൃതി സംയുക്ത നിയമസഭ സമ്മളന തീയതി പ്രഖ്യാപിക്കുക. ബെളഗാവിയിലെ സുവർണ വിധാന സൗധ ഹാളിലാണ് സമ്മേളനം നടത്തുക. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ശക്തമാക്കാനും ഖാദി വസ്ത്ര പ്രചാരണത്തിനുമുള്ള ആഹ്വാനമായിരുന്നു ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക എ.ഐ.സി.സി നടത്തിയത്.
കർണാടകയിൽ 120 സ്ഥലങ്ങൾ ഗാന്ധിജി സന്ദർശിച്ചിരുന്നു. ഇതിന്റെ ഓർമക്കായി തിരഞ്ഞെടുക്കപ്പെടുന്ന 40 കേന്ദ്രങ്ങളിൽ സ്മാരകങ്ങൾ പണിയാൻ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്കരിച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള ജ്യോതി യാത്രകൾ ഡിസംബർ 26, 27 തീയതികളിൽ ബെളഗാവിയിൽ എത്തിച്ചേരും.
ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവാക്കളെയും വനിതകളെയും പങ്കെടുപ്പിച്ച് സമ്മേളനങ്ങൾ സംഘടിപ്പിക്കും. അടുത്ത വർഷം ഒക്ടോബർ രണ്ടുവരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.