ബംഗളൂരു: ഇത്തവണ കേരള, കർണാടക ആർ.ടി.സികൾ ഓണത്തിരിക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസുകൾ അനുവദിച്ചത് യാത്രക്കാർക്ക് നേട്ടമാകുന്നു. എന്നാൽ തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ളവർ ഇത്തവണയും നാട്ടിലെത്താൻ ബുദ്ധിമുട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താൻ സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകളാണ് വേണ്ടത്. എന്നാൽ, ഇത്തരത്തിലുള്ള ബസുകളുടെ കുറവ് മൂലം ഈ ഭാഗങ്ങളിലേക്ക് പ്രത്യേക സർവിസുകൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കേരള ആർ.ടി.സി. ഇവിടങ്ങളിലേക്കുള്ള പതിവ് സർവിസുകളിലെ ടിക്കറ്റുകൾ തീർന്നിട്ടും കൂടുതൽ ബസുകൾ ഓടിക്കാൻ ഇതുമൂലം കഴിയുന്നില്ല. ഈ റൂട്ടിലോടിയിരുന്ന ഡീലക്സ്, എക്സ്പ്രസ് ബസുകൾ കേരള ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവിസുകളിലേക്ക് മാറിയതും യാത്രാപ്രതിസന്ധിയുണ്ടാക്കി.
തിരക്ക് കൂടുതലുള്ള ആഗസ്റ്റ് 25ന് കണ്ണൂരിലേക്ക് മൂന്നും പയ്യന്നൂരിലേക്ക് ഒന്നും സ്പെഷൽ ബസുകളാണ് കേരള ആർ.ടി.സി അനുവദിച്ചത്. ഇതിലെ ടിക്കറ്റുകൾ കഴിഞ്ഞ ദിവസത്തോടെ തീർന്നു.
ട്രെയിൻ സർവിസുകൾ പരിമിതമായതിനാൽ കൂടുതൽ പേരും ബസുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം, കോഴിക്കോട്, തൃശൂർ, പാലക്കാട്, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് പ്രത്യേക ബസുകൾ ഉണ്ട്. ഇവയിൽ ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നും അധികൃതർ പറയുന്നുണ്ട്.
അതേസമയം, സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ശനിയാഴ്ചയും കണ്ണൂർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസിൽ ശനിയും ഞായറും ഓരോ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ആഗസ്റ്റ് 25ന് 20 സ്പെഷൽ ബസുകളാണ് കഴിഞ്ഞ ദിവസം വരെ കേരള ആർ.ടി.സി അനുവദിച്ചത്. തിരുവനന്തപുരം-2, കോട്ടയം-2, എറണാകുളം-4, തൃശൂർ-2, കോഴിക്കോട്-6, കണ്ണൂർ-3, പയ്യന്നൂർ-1 എന്നിങ്ങനെയാണിത്. തിരുവനന്തപുരത്തേക്കുള്ള 2 ഡീലക്സ് സർവിസുകളും മധുര, നാഗർകോവിൽ വഴിയാണ്. കോട്ടയം, എറണാകുളം, തൃശൂർ സർവിസുകൾ സേലം, കോയമ്പത്തൂർ വഴിയാണ്.
അതേസമയം,ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആഗസ്റ്റ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. കോട്ടയം-2, മൂന്നാർ-1, എറണാകുളം-3, തൃശൂർ-3, പാലക്കാട്-3, കോഴിക്കോട്-1 കണ്ണൂർ-2 എന്നിവിടങ്ങളിലേക്ക് 15 സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.