ബംഗളൂരു: മലയാളികളുടെ സ്വന്തം ആഘോഷമായ പൊന്നോണത്തെ വരവേൽക്കാൻ ബംഗളൂരുവും ഒരുങ്ങി. വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും കീഴിൽ ബംഗളൂരുവിൽ ആഘോഷത്തിന് അരങ്ങേറിക്കഴിഞ്ഞു. കലാ-കായിക പരിപാടികളും ഓണസദ്യയും പൂക്കളവും പാട്ടുമായി ഓണം കെങ്കേമമാക്കുകയാണ് പ്രവാസി മലയാളികൾ. നഗരത്തിൽ വിവിധയിടങ്ങളിലായി ഓണച്ചന്തകളും തുറക്കുന്നുണ്ട്.
ബംഗളൂരു: ഭാരതീയ സിറ്റിയിൽ നിക്കൂ-2 മലയാളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘നമ്മ ഓണം’ സംഘടിപ്പിച്ചു. കന്നട നടി അനുഷ റായ് ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ശബാന ഷാനി, ട്രഷറർ മിനി മിലിന്ദ് എന്നിവർ സംസാരിച്ചു. തിരുവാതിര, ഒപ്പന, മാർഗം കളി, കേരള നടനം, സ്കിറ്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. കായിക ഇനങ്ങളായി ഉറിയടി, വടംവലി എന്നിവയും സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ പ്രമോദ്കുമാർ സ്വാഗതവും സെക്രട്ടറി ഇന്ദു ജയദേവ് നന്ദിയും പറഞ്ഞു.
ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി കലാവേദിയുടെ ആഭിമുഖ്യത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഞായറാഴ്ച മാറത്തഹള്ളി കലാഭവനിൽ രാവിലെ 10.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഫുട്ബാൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, കസേരകളി, ഉറിയടി, ത്രോബാൾ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 98456 91596 നമ്പറിൽ ബന്ധപ്പെടണം.
ബംഗളൂരു: നഗരത്തിലെ തിരുവനന്തപുരം സ്വദേശിനികളുടെ കൂട്ടായ്മയായ ബാംഗ്ലൂർ തിരോന്തരമൈറ്റ്സിന്റെ ഒന്നാം വാർഷികത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ദിര നഗറിലെ ഇ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ ഓണപ്പൂക്കളമൊരുക്കൽ, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, മലയാളി മങ്ക മത്സരം എന്നിവ അരങ്ങേറി. നടിയും നർത്തകിയുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. ബൃന്ദ നായർ, മീന കൃഷ്ണകുമാർ, ജയ തോമസ്, പ്രമീള നമ്പ്യാർ, ലത സഞ്ജയ്, സന്ധ്യ വിശ്വം, റെയ്ച്ചൽ ഉമ്മൻ ആമി, ലത വാര്യർ തുടങ്ങിയവർ നേതൃത്വം നൽകി.
ബംഗളൂരു: ഡി.ആർ.ഡി.ഒയുടെ ഓണാഘോഷം സെപ്റ്റംബർ 23, 24 തീയതികളിൽ സി.വി. രാമൻ നഗറിലെ ഡി.ആർ.ഡി.ഒ കമ്യൂണിറ്റി ഹാളിൽ നടക്കും. ആഗസ്റ്റ് 20ന് ഡി.ആർ.ഡി.ഒ ടൗൺഷിപ്പിലെ എൻ.ജി.ഒ ക്ലബിൽ വിവിധ മത്സരങ്ങൾ നടക്കും.
സെപ്റ്റംബർ 10ന് കായിക മത്സരങ്ങൾ അരങ്ങേറും. സെപ്റ്റംബർ 23ന് ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും മഞ്ചാടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഓണനിലാവും അരങ്ങേറും. 24ന് പൂക്കള മത്സരം, ഓണസദ്യ എന്നിവയുണ്ടാകും.
വൈകീട്ട് ആറിന് ആരംഭിക്കുന്ന സാംസ്കാരിക പരിപാടി നടനും കൊമേഡിയനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. ഗാനമേളക്ക് പിന്നണി ഗായകൻ സുദീപ് കുമാർ നേതൃത്വം നൽകും.
ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ നേതൃത്വത്തിൽ ഓണാഘോഷവും സ്ത്രീശക്തി സമ്മേളനവും തിരുവാതിരകളി മത്സരവും നടത്തും. എച്ച്.എ.എൽ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി മുൻ മന്ത്രി ബെരതി ബസവരാജ് ഉദ്ഘടനം ചെയ്യും.
സ്ത്രീശക്തി സമ്മേളനത്തിൽ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ ഗായത്രി ആർ. മേനോൻ മുഖ്യപ്രഭാഷണം നടത്തും. കരയോഗങ്ങളുടെ തിരുവാതിരമത്സരവും കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും നടക്കും. കരയോഗങ്ങളിലെ 80 വയസ്സിനു മുകളിലുള്ള അമ്മമാരെ ചടങ്ങിൽ ആദരിക്കും. ഫോൺ 9448546497.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.