ബംഗളൂരു: കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ഓണക്കാല അവധിത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ പശ്ചിമ റെയിൽവേ ഒരു സ്പെഷൽ ട്രെയിൻകൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽനിന്ന് ബംഗളൂരു വഴി കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ സർവിസ് പ്രഖ്യാപിച്ചത്.
ഓണക്കാലത്ത് തെക്കൻ കേരളത്തിലേക്ക് അനുവദിക്കുന്ന മൂന്നാമത്തെ സ്പെഷൽ ട്രെയിനാണിത്. അതേസമയം, ബംഗളൂരുവിൽനിന്ന് മലബാർ മേഖലയിലേക്ക് ഇതുവരെ ഒരു സ്പെഷൽ ട്രെയിൻപോലും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. ബംഗളൂരുവിൽനിന്ന് ഷൊർണൂർ വഴി കണ്ണൂരിലേക്കുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വെള്ളിയാഴ്ചത്തെ സ്ലീപ്പർ വെയ്റ്റിങ് ലിസ്റ്റ് 300ന് അടുത്താണ്.
ആഴ്ചയിലൊരിക്കൽ സർവിസ് നടത്തുന്ന യശ്വന്ത്പുര-മംഗളൂരു എക്സ്പ്രസിലും ടിക്കറ്റ് ലഭിക്കാനില്ലെന്നതാണ് സ്ഥിതി. വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ബസ് സർവിസുകളാണ് ആശ്രയം. എന്നാൽ, കേരള ആർ.ടി.സിയുടെ സ്പെഷൽ സർവിസുകളിലടക്കം ടിക്കറ്റുകൾ തീർന്ന സ്ഥിതിയാണ്. കൂടിയ നിരക്കിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യേണ്ട ഗതികേടിലാണ് മലബാറിലെ യാത്രക്കാർ.
ഹുബ്ബള്ളി-കൊച്ചുവേളി-ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ
സെപ്റ്റംബർ 13ന് രാവിലെ 6.55ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന എസ്.എസ്.എസ് ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ (07333) ട്രെയിൻ ഉച്ചക്ക് 1.38ന് ചിക്കബാണവാരയിലും 2.15ന് എസ്.എം.വി.ടി സ്റ്റേഷനിലും കെ.ആർ പുരത്ത് 2.39നും ബംഗാർപേട്ടിൽ 3.20നും എത്തും. ശനിയാഴ്ച രാവിലെ 06.45ന് കൊച്ചുവേളിയിൽ എത്തിച്ചേരും.
സെപ്റ്റംബർ 14ന് ഉച്ചക്ക് 12.50ന് കൊച്ചുവേളിയിൽനിന്ന് മടങ്ങുന്ന കൊച്ചുവേളി-എസ്.എസ്.എസ് ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷൽ (07334) ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് 12.50ന് ഹുബ്ബള്ളിയിലെത്തും. രണ്ട് എ.സി ടു ടയർ, നാല് എ.സി ത്രീ ടയർ, 10 സ്ലീപ്പർ, രണ്ട് ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്.
ഇരുദിശകളിലുമായി ഹാവേരി, റാണിബെന്നൂർ, ഹരിഹർ, ദാവൻഗരെ, ബിരൂർ, അരസിക്കരെ, തുമകൂരു, ചിക്കബാണവര, എസ്.എം.വി.ടി ബംഗളൂരു, കെ.ആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ഗരീബ് രഥും ഓടിത്തുടങ്ങുന്നു
ഏതാനും ദിവസങ്ങളായി റെയിൽവേ റദ്ദാക്കിയ യശ്വന്ത്പൂർ-കൊച്ചുവേളി-യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ് (12257/12258) സെപ്റ്റംബർ 19 മുതൽ ട്രാക്കിൽ തിരിച്ചെത്തും. സെപ്റ്റംബർ 19ന് യശ്വന്ത്പുരയിൽനിന്ന് കൊച്ചുവേളിയിലേക്കാണ് ആദ്യ സർവിസ്. ഗരീബ് രഥ് റദ്ദാക്കിയതിന് പകരം പ്രത്യേക നിരക്കിൽ എ.സി സ്പെഷൽ സർവിസായാണ് ഓണക്കാല അവധിക്കായി കേരളത്തിലേക്ക് ട്രെയിൻ സർവിസ് നടത്തിയിരുന്നത്. യശ്വന്ത്പൂരിൽനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്.
60 സ്പെഷലുകളുമായി കർണാടക ആർ.ടി.സി
ഓണക്കാല അവധിയോടനുബന്ധിച്ച് സ്പെഷൽ സർവിസുകളുമായി കർണാടക ആർ.ടി.സി. ബംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി വ്യാഴം, വെള്ളി ദിവസങ്ങളിലായി 60 അധിക സർവിസുകളാണ് പ്രഖ്യാപിച്ചത്.
ബംഗളൂരുവിൽനിന്ന് എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവിസ് വീതവും കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്കും മൈസൂരുവിൽനിന്ന് എറണാകുളത്തേക്കും രണ്ട് സർവിസ് വീതവുമാണ് വ്യാഴാഴ്ചയിലെ സ്പെഷൽ സർവിസുകൾ. ഏറ്റവും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന വെള്ളിയാഴ്ചയാണ് ബാക്കി 50 സ്പെഷൽ സർവിസുകളുള്ളത്. ബംഗളൂരുവിൽനിന്നും എറണാകുളത്തേക്ക് ഒമ്പത്, കണ്ണൂർ-11, കോട്ടയം-രണ്ട്, കോഴിക്കോട്-എട്ട്, മൂന്നാർ-ഒന്ന്, പാലക്കാട്-ആറ്, തൃശൂർ-ഒമ്പത്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയും മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് മൂന്ന് വീതവുമാണ് വെള്ളിയാഴ്ചയിലെ സ്പെഷൽ സർവിസുകളുടെ എണ്ണം. ടിക്കറ്റുകൾ www.ksrtc.in എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
കേരള ആർ.ടി.സി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി 75ഓളം സ്പെഷൽ സർവിസുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിലെല്ലാം റിസർവേഷൻ പൂർത്തിയായതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.