ബംഗളൂരു: ലോക, ദേശ സാഹിത്യ ലോകത്തിന്റെ വാതായനങ്ങൾ വിവർത്തനത്തിലൂടെയാണ് തുറക്കുന്നതെന്നും കേന്ദ്ര സാഹിത്യ പുരസ്കാരജേതാവ് സുധാകരൻ രാമന്തളി പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ ബംഗളൂരു കൗൺസിലിന്റെ ‘പരിഭാഷ’ പ്രതിമാസ സാഹിത്യ പരിപാടിയിൽ മൂന്ന് പരിഭാഷാപുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിരനഗർ റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ഡബ്ല്യു.എം.എഫ് ഏഷ്യൻ റീജനൽ കോഓഡിനേറ്റർ ലിൻസൻ ജോസഫ് ആശംസ നേർന്നു. രമാ പിഷാരടി സ്വാഗതം പറഞ്ഞു. ബിസിനസ് കോഓഡിനേറ്റർ ഡെന്നിസ് ജോൺ, എഴുത്തുകാരി നിമ്മി വാര്യർ എന്നിവർ പങ്കെടുത്തു. ഹംപി കന്നട യൂനിവേഴ്സിറ്റിയുടെ ട്രാൻസലേഷൻ സ്റ്റഡീസ് ഡയറക്ടർ ഡോ. മോഹൻ കുണ്ടാർ പരിഭാഷപ്പെടുത്തിയ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന കൃതിയുടെ കന്നട പരിഭാഷയായ ‘ചെമ്മീനു’ സുധാകരൻ രാമന്തളി എഴുത്തുകാരനായ സത്യനാരായണരാജുവിന് നൽകി പ്രകാശനം നിർവഹിച്ചു. വിവർത്തകനും എഴുത്തുകാരനുമായ കെ.കെ. ഗംഗാധരൻ പരിഭാഷപ്പെടുത്തിയ പ്രഭാകരൻ പഴശ്ശി എഴുതിയ വസൂരിമാലയുടെ കന്നട വിവർത്തന കൃതി ‘മരലി മനെഗെ’ ആദ്യ കോപ്പി മോഹൻ കുണ്ടാർ ഏറ്റുവാങ്ങി. ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത് പരിഭാഷപ്പെടുത്തിയ രമാ പിഷാരടിയുടെ അമ്മുവിന്റെ ഭൂമി എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘അമ്മൂസ് എർത്ത്’ എന്ന കൃതി പത്രപ്രവർത്തകനും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാർ ഏറ്റുവാങ്ങി. സിന്ധുഗാഥ പരിഭാഷപ്പെടുത്തിയ പ്രമോദ് കുമാർ അതിരകത്തിന്റെ ‘കാലം കണക്കെടുക്കുമ്പോൾ’ എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനകൃതിയായ ടൈം റെക്കൻസ് എന്ന പുസ്തകത്തിന്റെ കവർപേജും സുധാകരൻ രാമന്തളി പ്രകാശനം ചെയ്തു. എഴുത്തുകാരിയും വിവർത്തകയുമായ മായ ബി. നായർ, സത്യനാരായണ രാജു, ബ്രിജി കെ.ടി എന്നിവർ പുസ്തകാവലോകനം നിർവഹിച്ചു.
അനിൽ രോഹിത്, അജിത്, നന്ദൻ, മോഹൻദാസ്, സലിം കുമാർ, രവികുമാർ തിരുമല, പ്രേം രാജ് കെ.കെ, ഷൈനി അജിത് എന്നിവർ പങ്കെടുത്തു. റോയ് ജോയി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.