ബംഗളൂരു: കണ്ണൂർ പാനൂർ സ്വദേശി ജാവേദ് (29) ബംഗളൂരുവിൽ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ജാവേദിന്റെ കൂടെ താമസിച്ചിരുന്ന ബെളഗാവി സ്വദേശിനി രേണുകയാണ് (34) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ ബന്നാർഘട്ട ഹുളിമാവിലെ ഫ്ലാറ്റിലാണ് കേസിനാസ്പദമായ സംഭവം.
മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദ് ബംഗളൂരുവിൽ യുവതിക്കും അഞ്ചു വയസ്സുള്ള കുഞ്ഞിനുമൊപ്പം താമസിച്ചുവരുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ രേണുക കത്തിയെടുത്ത് ജാവേദിനെ പലതവണ കുത്തുകയായിരുന്നു. യുവതിയും അയൽവാസിയും ചേർന്നാണ് ജാവേദിനെ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് താമസസ്ഥലത്തേക്ക് മടങ്ങിയ രേണുക ലഗേജ് എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ സെക്യൂരിറ്റി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. യുവതിക്കെതിരെ മുമ്പും കേസുകളുണ്ടായിരുന്നതായാണ് വിവരം. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ഹുളിമാവ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
10 ദിവസത്തിനിടെ ബംഗളൂരു നഗരത്തിൽ അരങ്ങേറുന്ന മലയാളികളുൾപ്പെട്ട രണ്ടാമത്തെ കൊലപാതകമാണിത്. ആഗസ്റ്റ് 28ന് ബേഗൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശിയായ യുവാവ് പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.