പോക്സോ കേസ്: ചിത്രദുർഗ മഠാധിപതിയുടെ യാത്ര പൊലീസ് തടഞ്ഞു

ബംഗളൂരു: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസ് നേരിടുന്ന ചിത്രദുർഗ മുരുക മഠാധിപതി ഡോ. ശിവമൂർത്തി മുരുക ശരണരുവിന്റെ യാത്ര പൊലീസ് തടഞ്ഞു. തിങ്കളാഴ്ച കാറിൽ യാത്രക്കിടെ ഹാവേരി ബങ്കപുരയിൽ വെച്ച് പൊലീസ് അദ്ദേഹത്തിന്റെ യാത്ര തടയുകയായിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചിത്രദുർഗയി​ലേക്ക് മടങ്ങാൻ പൊലീസ് നിർദേശിച്ചു.

തിങ്കളാഴ്ച മഠത്തിൽനിന്ന് മഠാധിപതി അജ്ഞാകേന്ദ്രത്തിലേക്ക് പുറപ്പെട്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് തെരച്ചിൽനടത്തി വരികയായിരുന്നു. ചിത്ര ദുർഗ പൊലീസ് നൽകിയ വിവരമനുസരിച്ച് മറ്റു ജില്ലാ അതിർത്തികളിലും സംസ്ഥാന അതിർത്തിയിലും പൊലീസ് ജാഗ്രത പാലിച്ചു. ബങ്കപുരയിൽവെച്ച് ഹാവേരി പൊലീസ് അദ്ദേഹത്തിന്റെ കാർ കണ്ടെത്തി തടഞ്ഞു. അദ്ദേഹവുമായി ചർച്ച നടത്തിയ ശേഷം മടങ്ങാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ ബന്തവസ്സിലാണ് അദ്ദേഹത്തെ ചിത്രദുർഗയിലെ മഠത്തിലെത്തിച്ചത്. ഇതിനിടെ മഠാധിപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായ അഭ്യൂഹവും പരന്നു. ഹാവേരിയിൽ ഒരു അഭിഭാഷകനെ കാണാനായാണ് മഠാധിപതി പോയതെന്ന് മുരുക മഠത്തിലെ ഉപദേശക സമിതിയംഗം ആനന്ദപ്പ പ്രതികരിച്ചു.

മഠത്തിൽ തിരിച്ചെത്തിയ ശിവമൂർത്തി മുരുക ശരണരു അനുയായികളുമായി സംസാരിച്ചു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടംനേരിടാൻ മാനസികമായി തയാറായതായി അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില ഭക്തർ പരിഭ്രാന്തരാവരുത്. കഴിഞ്ഞ 15 വർഷമായി മഠത്തിൽ ഈ പ്രശ്നം നടക്കുന്നു. ഇപ്പോൾ പുറത്തുവന്നുവെന്ന് മാത്രം- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നിയമത്തെ ബഹുമാനികകുന്നുവെന്നും അന്വേഷണത്തോട് പുർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒളിച്ചോടുന്ന പ്രശ്നമില്ല. അഭ്യൂഹങ്ങൾ ജനങ്ങൾ കണക്കിലെടുക്കരുത്. ഈ മഠം മൊബൈൽ കോടതിയായി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും മോശം സാഹചര്യമാണിത്. എന്നാൽ, കുറ്റമുക്തനായി തിരിച്ചുവരും- അദ്ദേഹം പറഞ്ഞു.

അതേസമയം, സന്യാസിക്കെതിരെ പരാതി നൽകിയ പെൺകുട്ടികളെ മൈസൂരുവിൽനിന്ന് ചിത്രദുർഗയിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇവരുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. ആരോപണ വിധേയനായ സ്വാമിയടക്കമുള്ളവരുടെ മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. കേസിൽ മുഖ്യപ്രതിയാണ് ഡോ. ശിവമൂർത്തി മുരുക ശരണരു. മഠത്തിന് കീഴിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 15ഉം 16 ഉം വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. മഠത്തിലെ റസിഡൻഷ്യൽ ഹോസ്റ്റലിലെ വാർഡൻ രശ്മി, ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവരും കേസിൽ പ്രതികളാണ്. മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിക്കുകയും അവർ വിവരമറിയിച്ചതനുസരിച്ച് ജില്ലാ ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാർ പരാതി നൽകുകയുമായിരുന്നു.

Tags:    
News Summary - POCSO case: Chitradurga Murugha mutt seer stopped by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.