ബംഗളൂരു: ഹെസർഘട്ട പുൽമേടുകൾ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും പ്രദേശവാസികളുടെയും അഭിപ്രായം തേടാൻ കർണാടക സർക്കാർ തീരുമാനം. ഇതിനുശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻകൂടിയായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കർണാടകയിലെ അവശേഷിക്കുന്ന ഏക പുൽമേടാണ് ഹെസർഘട്ടയിലേത്.
ഹെസർഘട്ട സംരക്ഷിത മേഖലയാക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപവത്കരണത്തിന് വനംവകുപ്പ് നേതൃത്വം നൽകും. ജൈവവൈവിധ്യ ബോർഡ് അംഗങ്ങളും പങ്കെടുക്കും. ഹെസർഘട്ട സംരക്ഷിത മേഖലയാക്കുന്നത് തടയാൻ തെറ്റായ പ്രചാരണങ്ങൾ ചിലർ നടത്തുന്നുണ്ടെന്ന് സംസ്ഥാന വന്യജീവി ബോർഡംഗം സിദ്ധാർഥ് ഗോയങ്ക ചൂണ്ടിക്കാട്ടി. 5010 ഏക്കർ വരുന്ന പുൽമേട് സംരക്ഷിത മേഖലയാക്കുമ്പോൾ സമീപത്തെ ഭൂമികൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രചാരണം. എന്നാൽ, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 36 എ വകുപ്പു പ്രകാരം, സംരക്ഷിത മേഖലയുടെ പ്രഖ്യാപനത്തിന് പ്രദേശത്തെ ജനങ്ങളുടെ ഭൂമിയോ വീടുകളോ ഏറ്റെടുക്കേണ്ടതില്ല. സംരക്ഷിത മേഖലയിൽ കഴിയാനുള്ള എല്ലാ അവകാശവും ആ പ്രദേശത്തെ ജനങ്ങൾക്കുണ്ട്. അതിനാൽതന്നെ കുടിയൊഴിപ്പിക്കലിന്റെ വിഷയമുദിക്കുന്നില്ല. നിർദിഷ്ട പദ്ധതി സംബന്ധിച്ച നിർദേശം പൊതുജനങ്ങൾക്ക് ലഭ്യമാണ്.
അതിലെവിടെയും സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് പറയുന്നില്ല. ദേശീയ പാർക്കുകളുടെയോ വന്യജീവി സങ്കേതങ്ങളുടെയോ പോലെ സംരക്ഷിത മേഖലക്ക് ബഫർ സോൺ വിജ്ഞാപനമോ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനമോ ആവശ്യമില്ല.
നിലവിൽ ആ പ്രദേശത്തുള്ള സസ്യ-ജന്തു വൈവിധ്യത്തെ സംരക്ഷിക്കാനാണ് സംരക്ഷിത മേഖല പ്രഖ്യാപിക്കുന്നത്. അവിടേക്ക് മറ്റു വലിയ മൃഗങ്ങളെ കൊണ്ടുവരുമെന്നത് തികച്ചും തെറ്റായ ധാരണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞയാഴ്ച സംസ്ഥാന വന്യജീവി ബോർഡ് യോഗം ചേരുന്നതിന് മുമ്പ്, ഹെസർഘട്ട മേഖലയുടെ സംരക്ഷണത്തിനായി പരിസ്ഥിതി സ്നേഹികളടക്കം മുക്കാൽ ലക്ഷം ജനങ്ങൾ ഒപ്പിട്ട നിവേദനം വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വിജയകുമാർ ഗോഗിക്ക് നൽകിയിരുന്നു.
ഹെസർഘട്ട പുൽമേട് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഏറെ കാലമായി പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവർ ഉന്നയിക്കുന്ന ആവശ്യമാണ്. ഈ നിർദേശം ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 2021 ജനുവരി 19ന് ചേർന്ന വന്യജീവി ബോർഡ് യോഗം തള്ളിയിരുന്നു. യെലഹങ്ക എം.എൽ.എയായിരുന്ന എസ്.ആർ. വിശ്വനാഥിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. ഹെസർഘട്ടയിൽ നിർമാണ പ്രവർത്തനങ്ങളടക്കമുള്ള പദ്ധതികൾ ലക്ഷ്യംവെച്ച് സർക്കാർ നീങ്ങുന്നതിനിടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ വിജയ് നിഷാന്ത് പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചു. ഹെസർഘട്ടയിൽ തൽസ്ഥിതി തുടരാനും പുൽമേടുകൾ ഒരു വിധത്തിലും തരംമാറ്റരുതെന്നുമായിരുന്നു കഴിഞ്ഞ വർഷം മേയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടന്നതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. വന്യജീവി ബോർഡ് യോഗത്തിൽ ബി.ജെ.പി എം.എൽ.എ മാനദണ്ഡം ലംഘിച്ച് പങ്കെടുക്കുകയും യോഗ തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്തതായി ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഹരജി തീർപ്പാക്കിയ ഹൈകോടതി ജൈവവൈവിധ്യ ബോർഡിന്റെ മുൻ തീരുമാനം തള്ളി. ഹെസർഘട്ട സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള മുൻ നിർദേശം വീണ്ടും പരിഗണിക്കാൻ ജൈവവൈവിധ്യ ബോർഡിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.