ബംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി, ഭാര്യയും രാജ്യസഭ എം.പിയുമായ സുധമൂർത്തി, ക്രിക്കറ്റ് പരിശീലകൻ രാഹുൽ ദ്രാവിഡ് തുടങ്ങിയവർ ബംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി. നടന്മാരായ പ്രകാശ് രാജ് ബംഗളൂരു സെന്റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂളിലും ദർശൻ ആർ.ആർ നഗറിലും വോട്ടുചെയ്തു. കഴിഞ്ഞ തവണ മണ്ഡ്യയിൽ സുമലതക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ ദർശൻ ഇത്തവണ സുമലത ബി.ജെ.പിയിലായിരുന്നിട്ടും കോൺഗ്രസ് സ്ഥാനാർഥി സ്റ്റാർ ചന്ദ്രുവിനായി വോട്ടുതേടിയിരുന്നു. പോളിങ് കഴിഞ്ഞ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ ഗൗനിക്കാതെ അദ്ദേഹം വേഗം മടങ്ങി.
നടനും ഉത്തമ പ്രജാകീയ പാർട്ടി സ്ഥാപകനുമായ ഉപ്പി എന്ന ഉപേന്ദ്ര കത്രിഗുപ്പെയിലും കിച്ച സുദീപ് ബംഗളൂരു സൗത്തിലെ ജയനഗറിലും വോട്ടുചെയ്തു. ആർ.ആർ നഗറിലെ പോളിങ് ബൂത്തിൽ മറ്റു വോട്ടർമാർക്കൊപ്പം ഏറെ നേരം വരിനിന്നാണ് നടൻ ഗണേഷും ഭാര്യ ശിൽപയും വോട്ടു രേഖപ്പെടുത്തിയത്. അന്തരിച്ച പുനീത് കുമാറിന്റെ ഭാര്യ അശ്വിനി, നടനും നിർമാതാവുമായ രാഘവേന്ദ്ര രാജ്കുമാർ തുടങ്ങിയവർ സദാശിവ നഗറിലെ ബൂത്തിലെത്തി. സൂപ്പർ സ്റ്റാർ യാഷ് ഭാര്യ രാധിക പണ്ഡിറ്റിനൊപ്പം ഹൊസക്കരഹള്ളിയിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷം വോട്ടുരേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.