ബംഗളൂരു: ബി.ബി.എം.പി നഗരപരിധിയിലെ ഇന്ദിര കാന്റീനുകളിലെ മെനുവിൽ റാഗിമുദ്ദെയും ചപ്പാത്തിയും ഉൾപ്പെടുത്തും. മകരസംക്രാന്തി ആഘോഷത്തിന് ശേഷം ഇത് പ്രാബല്യത്തിൽവരും. ഇന്ദിര കാന്റീനുകളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി വൈകാതെ ബി.ബി.എം.പി ടെൻഡർ ക്ഷണിക്കും.നഗരത്തിലെ പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സിദ്ധരാമയ്യ സർക്കാറിന്റെ കഴിഞ്ഞ ഭരണകാലത്ത് ആരംഭിച്ചതാണ് പദ്ധതി. പ്രഭാത ഭക്ഷണം അഞ്ചു രൂപക്കും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും 10 രൂപക്കുമാണ് ഇവിടെ നൽകുന്നത്.
ബി.ജെ.പി ഭരണകാലത്ത് ഇന്ദിര കാന്റീൻ അവഗണന നേരിട്ടിരുന്നു. മൈസൂരുവിൽ ഉദയഗിരി, ബന്നിമണ്ഡപ് എന്നിവിടങ്ങളിലെ ഇന്ദിര കാന്റീനുകൾ അറ്റകുറ്റപ്പണിയില്ലാതെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ജോലിക്കാർക്ക് വേതനം നൽകാത്തതും പ്രവർത്തനത്തിന് തടസ്സമായിരുന്നു. ഇന്ദിര കാന്റീൻ പദ്ധതിയെ ബി.ജെ.പി സർക്കാർ കൊല്ലുകയാണെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ നിയമസഭയിൽ ആരോപിച്ചിരുന്നു.
എന്നാൽ, സിദ്ധരാമയ്യ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ കാന്റീനുകളുടെ പ്രവർത്തനം സജീവമാക്കാൻ സർക്കാർ തീരുമാനിച്ചു. 2017ൽ ആരംഭിച്ച 197 ഇന്ദിര കാന്റീനുകളിൽ 163 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.സംസ്ഥാനത്ത് 188 ഇന്ദിര കാന്റീനുകൾകൂടി തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ബംഗളൂരുവിലെ 225 വാർഡുകളിലും ഇന്ദിര കാന്റീനുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.