ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായി ഗൗതം അദാനിയെയും അതിരൂക്ഷമായി വിമർശിച്ച് കർണാടകയിലെ കോലാറിൽ വീണ്ടും രാഹുൽ ഗാന്ധി.
ലോക് സഭാംഗത്വം റദ്ദാക്കാനിടയായ കേസിലേക്ക് നയിച്ച പരാമർശം നടത്തിയത് ഇവിടെയായിരുന്നു. അദാനി അഴിമതിയുടെ പ്രതീകമാണെന്ന് പറഞ്ഞ രാഹുൽ, അയോഗ്യനാക്കിയാലും തുറുങ്കിലടച്ചാലും താൻ ഭയപ്പെടില്ലെന്ന് വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച കർണാടകയിലെ കോലാറിൽ സംഘടിപ്പിച്ച ജയ്ഭാരത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ ആരോപണങ്ങൾ വിശദീകരിക്കാൻ അവസരം വേണമെന്ന് ലോക്സഭ സ്പീക്കർക്ക് രണ്ടുതവണ കത്തെഴുതി, അനുവദിച്ചില്ല. അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സ്പീക്കർക്ക് ഭയമായിരുന്നു. അദാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി ആരുടേതാണെന്നും അദാനിയും പ്രധാനമന്ത്രിയും തമ്മിലെ ബന്ധമെന്തെന്നും ചോദിച്ചു.
സാധാരണ പ്രതിപക്ഷമാണ് പർലമെന്റ് തടസ്സപ്പെടുത്താറുള്ളത്. എന്നാൽ, ആദ്യമായി ഭരണകക്ഷിയായ ബി.ജെ.പി പാർലമെന്റ് തടസ്സപ്പെടുത്തി. അദാനി വിഷയം ചർച്ച ചെയ്യുന്നത് മോദി ഭയക്കുന്നു. അതിനുശേഷമാണ് എന്നെ അയോഗ്യനാക്കിയത് -രാഹുൽ ചൂണ്ടിക്കാട്ടി. ‘‘ആയിരക്കണക്കിന് കോടി രൂപയാണ് അദാനിക്ക് മോദി നൽകുന്നത്. കർണാടകയിലെ പാവപ്പെട്ടവർക്കും വനിതകൾക്കും യുവാക്കൾക്കുമാണ് ഞങ്ങൾ പണം നൽകുക. മോദി പൂർണമനസ്സോടെ അദാനിയെ സഹായിക്കും. ഞങ്ങൾ പൂർണ മനസ്സോടെ ജനങ്ങളെ സഹായിക്കും. ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന പ്രവൃത്തികളിൽനിന്ന് ബി.ജെ.പി സർക്കാർ 40 ശതമാനം കമീഷൻ കൈപ്പറ്റുകയാണ്. ഇതേക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും മറുപടിയില്ല. 40 ശതമാനം കമീഷൻ എന്നത് മോദി അംഗീകരിച്ചുവെന്നാണ് അതിനർഥം’’ -രാഹുൽ പറഞ്ഞു. യു.പി.എ സർക്കാർ നടത്തിയ ജാതി സെൻസസിലെ വിവരങ്ങൾ പുറത്തുവിടാൻ മോദിയെ രാഹുൽ വെല്ലുവിളിച്ചു. രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണം എത്രയാണെന്ന് സർക്കാറിനറിയാമോ എന്ന് ചോദിച്ച രാഹുൽ, കേന്ദ്രസർക്കാറിൽ സെക്രട്ടറി തസ്തികകളിൽ അടക്കം ഒ.ബി.സി പ്രാതിനിധ്യം ഏഴുശതമാനം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി.
രാഹുലിന്റെ കോലാറിലെ പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത് ഏപ്രിൽ അഞ്ചിനായിരുന്നെങ്കിലും പിന്നീട് രണ്ടുതവണ മാറ്റിയിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടാം സീറ്റായി കണ്ണുവെച്ചിരുന്ന കോലാർ സീറ്റിനെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കം പരിഹരിച്ച് മൂന്നാംഘട്ട പട്ടിക ശനിയാഴ്ച പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.