ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെളഗാവി രാംദുർഗിൽ കരിമ്പു കർഷകരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ ഒന്നോ രണ്ടോ ‘മിത്ര’ങ്ങളെ സഹായിക്കാൻ ഭരണകാലത്ത് അവർ നടത്തിയ അഴിമതി കർഷകരെ അഗ്നിപരീക്ഷയിലാക്കിയതെങ്ങനെ എന്നത് സംബന്ധിച്ച് ഉൾക്കാഴ്ച നൽകാൻ കൂടിക്കാഴ്ച സഹായിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതി കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. അവരെ ജി.എസ്.ടി കൊണ്ട് ദ്രോഹിക്കുന്നതിനുപകരം ശാക്തീകരിക്കുകയാണ് വേണ്ടത്. സർക്കാറിന് സ്വാധീനമുള്ളവർക്കുവേണ്ടിയാണ് ജി.എസ്.ടി കൊണ്ടുവന്നത്. സങ്കീർണതയേറിയ ആ സമ്പ്രദായം പലർക്കും മനസ്സിലാവില്ല. ചെറുകിട കച്ചവടങ്ങൾ അതുകാരണം പൂട്ടി. കേന്ദ്രത്തിൽ അധികാരത്തിൽവന്നാൽ ജി.എസ്.ടി സമ്പ്രദായം മാറ്റും. ഒറ്റ നികുതിയേ ഉണ്ടാകൂ എന്നും അത് മിനിമം ആയിരിക്കുമെന്നും രാഹുൽ പറഞ്ഞു.
അദാനിക്കും അംബാനിക്കും ആയിരക്കണക്കിന് കോടി രൂപ വായ്പ എളുപ്പത്തിൽ കിട്ടുന്നു. കർഷകരുടെ വായ്പകളല്ല, അവരുടെ വായ്പകളാണ് സർക്കാർ എഴുതിത്തള്ളുന്നത്. ഇക്കാര്യത്തിൽ സന്തുലിതത്വം വേണം. വൻ വ്യവസായികളുടെ വായ്പ എഴുത്തള്ളുന്നുണ്ടെങ്കിൽ കർഷകരുടെതും എഴുതിത്തള്ളണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് മികച്ച വില ലഭിക്കാൻ പരിശ്രമിക്കും.
ശരിയായ വിലയല്ല നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നതെന്നറിയാം. നാണ്യപ്പെരുപ്പം വർധിക്കുകയാണ്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിക്കുകയാണ്. ഒറ്റ ജോലികൊണ്ടു മാത്രം കർഷകർക്ക് ആശ്വാസം നേടാനാവില്ല. കാർഷിക ഉൽപന്നങ്ങൾക്ക് വില ലഭിക്കുകയും അവക്ക് മികച്ച വിപണി കണ്ടെത്തുകയും വേണം -രാഹുൽ പറഞ്ഞു.
കർണാടകയിൽ രണ്ടു ദിവസത്തെ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ബസവജയന്തി ദിനമായ ഞായറാഴ്ച വടക്കൻ കർണാടകയിലെ ലിംഗായത്ത് കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.