ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ എന്നിവർക്ക് ബംഗളൂരു പ്രത്യേക കോടതി സമൻസ് അയച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നൽകിയ പത്ര പരസ്യത്തിനെതിരെ ബി.ജെ.പി ഫയൽ ചെയ്ത അപകീർത്തിക്കേസിൽ മൂവരും ഈ മാസം 28നകം ഹാജരാകണം. ബസവരാജ് ബൊമ്മൈ നേതൃത്വം നൽകിയ കർണാടകയിലെ മുൻ ബി.ജെ.പി സർക്കാറിനെ 40 ശതമാനം കമീഷൻ സർക്കാർ എന്നാക്ഷേപിച്ച് പത്രങ്ങളിൽ വന്ന മുഴുവൻ പേജ് പരസ്യമാണ് കേസിന്നാധാരം. സമൂഹ മാധ്യമങ്ങൾ, പ്രസംഗങ്ങൾ, പോസ്റ്ററുകൾ തുടങ്ങി വിവിധ രീതിയിൽ നടത്തിയ പ്രചാരണം കൂടാതെയാണ് മുഴുവൻ പേജ് പരസ്യവും നൽകിയതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. ശിവപ്രസാദ് ഫയൽ ചെയ്ത കേസിൽ പറഞ്ഞു. കർണാടക കോൺഗ്രസ് പാർട്ടിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 499 (വാക്ക്, അച്ചടി, ദൃശ്യം എന്നിവയിലൂടെ അപകീർത്തിപ്പെടുത്തൽ), 500 (അപകീർത്തിപ്പെടുത്തുന്നവർക്ക് രണ്ടുവർഷം വരെ ലളിതമായ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ) എന്നിവ പ്രകാരം കേസെടുക്കാൻ കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.